സംസ്ഥാനത്ത് പാഠപുസ്തക അച്ചടിയില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം
സംസ്ഥാനത്ത് പാഠപുസ്തക അച്ചടിയില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. ടെണ്ടര്‍ വ്യവസ്ഥ അട്ടിമറിച്ചും സര്‍ക്കാര്‍ പ്രസ് സൂപ്രണ്ടിന്റെ പരിശോധന ഇല്ലാതെയുമാണ് കെബിപിഎസ് ആവശ്യപ്പെട്ട തുക സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ആദ്യ രണ്ട് വര്‍ഷത്തില്‍ മാത്രം സംസ്ഥാനത്തെ പാഠപുസ്തക അച്ചടിയില്‍ 35 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായിട്ടാണ് ആരോപണം. മില്ലുകളില്‍ നിന്ന് കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് കോര്‍പ്പറേഷന്‍ നേരിട്ട് പേപ്പര്‍ വാങ്ങാന്‍ തുടങ്ങിയത് മുതലാണ് ക്രമക്കേടിന് കളമൊരുങ്ങിയത്.
2015-16 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ പാഠപുസ്തക അച്ചടി വൈകിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെത്തിയത്. രണ്ട് വര്‍ഷത്തേക്ക് അച്ചടിക്കാനുള്ള പേപ്പര്‍ മില്ലുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ 2016 ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ കെബിപിഎസിന് അനുമതി നല്‍കി.
സര്‍ക്കാര്‍ പ്രസ് സൂപ്രണ്ട് ബില്ലുകള്‍ പരിശോധിക്കണമെന്ന വ്യവസ്ഥയില്‍ സ്റ്റേഷനറി വകുപ്പ് ടെണ്ടര്‍ വിളിച്ച് ധനകാര്യ വകുപ്പിന്റെ അനുമതിയിൽ വിദ്യാഭ്യാസ വകുപ്പ് മില്ലുകള്‍ക്ക് നേരിട്ട് പണം നല്‍കുന്ന രീതിയായിരുന്നു ഇത്. അച്ചടിയില്‍ കാലതാമസം വരുത്തുന്നത് ഒഴിവാക്കാനായിരുന്നു ഈ മാറ്റം. എന്നാല്‍ എല്ലാ ബില്ലുകളും സര്‍ക്കാര്‍ പ്രസ് സൂപ്രണ്ട് പരിശോധിക്കണമെന്ന ഉത്തരവ് അട്ടിമറിച്ചതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.