സംസ്ഥാനത്ത് മയോണൈസിൽ പച്ച മുട്ട ഉപയോഗിക്കുന്നത് നിരോധിച്ചു
സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിങ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിലാണ് തീരുമാനം. കൂടുതല്‍ നേരം മയോണൈസ് വച്ചിരുന്നാല്‍ അപകടകരമാകുന്നതിനാല്‍ ഈ നിര്‍ദേശത്തോട് എല്ലാവരും യോജിച്ചു.
എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. എല്ലാവരും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. സ്ഥാപനം ചെറുതോ വലുതോ എന്നല്ല, ശുചിത്വം വളരെ പ്രധാനമാണ്. ഭക്ഷ്യസുരക്ഷാ രംഗത്ത് സംഘടനാ പ്രതിനിധികള്‍ സഹകരണം ഉറപ്പ് നല്‍കി. സംഘടനകള്‍ സ്വന്തം നിലയില്‍ ടീം രൂപീകരിച്ച് പരിശോധിച്ച് പോരായ്മകള്‍ നികത്തുകയും ശുചിത്വം ഉറപ്പ് വരുത്തുകയും ചെയ്യും. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.