സംസ്ഥാനത്ത് റേഷനരി നിറം മാറ്റി കൃത്രിമ മട്ടയരിയാക്കിയുള്ള വില്‍പന വ്യാപകമാകുന്നു
സംസ്ഥാനത്ത് റേഷനരി നിറം മാറ്റി കൃത്രിമ മട്ടയരിയാക്കിയുള്ള വില്‍പന വ്യാപകമാകുന്നു. നിറം മാറ്റുന്നതിനായി രാസവസ്തുക്കളായ റെഡ് ഓക്സൈഡും, വെള്ളയരിയില്‍ കാത്സ്യം കാര്‍ബണേറ്റുമാണ് ചേര്‍ക്കുന്നത്. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് കൃത്രിമം കണ്ടെത്തിയത്.
ഇതേത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ കടകളിലും റേഷന്‍ കടകളിലും പരിശോധന നടത്താന്‍ മന്ത്രി സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
മട്ട അരിയ്ക്കും ജയ എന്ന പേരില്‍ വില്‍ക്കുന്ന ആന്ധ്ര വെള്ള അരിയ്ക്കും കിലോയ്ക്ക് 60 രൂപയിലേറെ വില ആയതോടെയാണ് ഡ്യൂപ്ലിക്കേറ്റും നിറം കലര്‍ത്തിയ അരിയും വിപണിയില്‍ സുലഭമായത്. കര്‍ണ്ണാടകയിലെ ഷിമോഗയില്‍ നിന്ന് കിലോഗ്രാമിന് 19 രൂപ നിരക്കില്‍ നെല്ല് വാങ്ങി അവിടെത്തെ തന്നെ മില്ലുകളില്‍ എത്തിച്ചാണ് വ്യാജ മട്ട അരിയാക്കുന്നത്. പാലക്കാട്ടും ആലപ്പുഴയിലും കൃഷി ചെയ്യുന്നതാണ് യഥാര്‍ത്ഥ മട്ട.