സംസ്ഥാനത്ത് ‘വീട്ടമ്മ പദവി’യിൽ നിന്നും ജോലിയിലേക്ക് മടങ്ങാനൊരുങ്ങിയിരിക്കുകയാണ് ലക്ഷക്കണക്കിന് സ്ത്രീകൾ
സംസ്ഥാനത്ത് ‘വീട്ടമ്മ പദവി’യിൽ നിന്നും ജോലിയിലേക്ക് മടങ്ങാനൊരുങ്ങിയിരിക്കുകയാണ് ലക്ഷക്കണക്കിന് സ്ത്രീകൾ. ഇതിനായി കുടുംബശ്രീയുടെ ‘തൊഴിലരങ്ങത്തേക്ക്’ എന്ന പദ്ധതിയിൽ 1,20,772 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 19 വയസിനും 59 വയസിനും ഇടയിൽ പ്രായമായ സ്ത്രീകളിൽ വലിയ ഒരു ഭാഗം ആളുകളും ജോലിക്ക് പോകാൻ താൽപര്യമുള്ളവരാണെന്ന് കുടുംബശ്രീ വഴി നടത്തിയ സർവ്വയിലൂടെ കണ്ടെത്തിയിട്ടുണ്ട്.
.41 വയസിനു താഴെയുള്ളവരിൽ 21 ലക്ഷം സ്ത്രീകളാണ് ഉള്ളതെന്നും ഇതിൽ ഏഴ് ലക്ഷത്തോളം പേർ’ ജോലിക്കായുള്ള പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുളളതായും കുടുംബശ്രീ നടത്തിയ സർവ്വെയിൽ പറയുന്നു. തൊഴിലിനായി രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ സ്ത്രീകൾക്കും ‘തൊഴിലരങ്ങത്തേക്ക്’ എന്ന പദ്ധതിയിലൂടെ ജോലി നൽകാനുള്ള ശ്രമത്തിലാണ് കേരള നോളേജ് ഇക്കണോമി മിഷൻ.
കുടുംബശ്രീ നടത്തിയ സർവ്വെയിൽ സംസ്ഥാനത്ത് ജോലിയിൽ ഇടവേളയെടുത്തിരിക്കുന്നതിൽ അഞ്ച് ലക്ഷത്തോളം സ്ത്രീകളാണുള്ളതെന്നാണ് കണ്ടെത്തി. അതേസമയം ജോലി ഉപേക്ഷിച്ച് ആറ് മാസം മുതൽ ഒമ്പത് വർഷം വരെ എത്തിയവരും കേരള നോളേജ് ഇക്കണോമി മിഷൻ്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
നഗരങ്ങളിൽ താമസിക്കുന്ന തൊഴിൽ രഹിതരായ സ്ത്രീകളിൽ അധികവും ദിവസത്തിൽ ഒരു തവണയെങ്കിലും പുറത്ത് പോകാത്തവരാണെന്നും ഡൽഹിയിൽ നിന്നുള്ള ഐഐടി സംഘത്തിൻ്റെ പഠനം വ്യക്തമാക്കി. ഈ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.