സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മഡഗാസ്കറിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷ സ്ഥിതിയുമാണ് മഴയ്ക്ക് കാരണം. ചൊവ്വാഴ്ച്ച മുതല്‍ മഴ ലഭിക്കാനാണ് സാധ്യത. തെക്കന്‍ കേരളത്തിലായിരിക്കും കൂടുതല്‍ മഴ ലഭിക്കുക.ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിനും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലേക്കും കിട്ടിയേക്കും.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്ത് ഒരു ജില്ലയിലും അലര്‍ട്ട് നിര്‍ദേശങ്ങള്‍ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്
ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യബന്ധനത്തിന് ഇന്ന് പോകാന്‍ പാടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.