Uncategorized
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് അടുത്ത ആഴ്ച പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്ക് അടുത്ത ആഴ്ച വര്‍ധിപ്പിക്കും. ഗാര്‍ഹിക ഉപയോക്തക്കള്‍ക്ക് 10 ശതമാനം നിരക്ക് വര്‍ധനവിനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. മഴലഭിക്കാത്ത സാഹചര്യം തുടര്‍ന്നാല്‍ ലോഡ്‌ഷെഡ്ഡിങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആലോചിക്കാന്‍ കെ.എസ്.ഇ.ബി യോഗം ഇന്ന് ചേരും. അതേസമയം 10 ദിവസത്തേക്ക് തല്‍സ്ഥിതി തുടരുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ അഭ്യര്‍ഥന പ്രകാരം മാറ്റിവെച്ച നിരക്ക് വര്‍ധന തീരുമാനമാണ് വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് റെഗുലേറ്ററി കമ്മീഷന്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുന്നത്. യൂണിറ്റിന് 20 പൈസമുതല്‍ 40 പൈസവരെയുള്ള വര്‍ധനവുണ്ടാകുമെന്ന് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ഉപയോക്താക്കള്‍ക്ക് 10 മുതല്‍ 80 പൈസവരെ വര്‍ധിപ്പിക്കണമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ ആവശ്യം. അതിന് മുകളിലുള്ളവര്‍ക്ക് നേരിയ വര്‍ധനവാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്.
നിരക്ക് വര്‍ധവിനൊപ്പം ഫിക്‌സഡ് ചാര്‍ജുകളിലും വര്‍ധനവുണ്ടാകും. അതേസമയം 10 ദിവസത്തേക്ക് മഴ പെയ്തില്ലെങ്കിലും ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു. എന്നാല്‍ വെള്ളമില്ലാതെ ആഭ്യന്തര വൈദ്യുത ഉപയോഗത്തെ ബാധിക്കുന്ന സാഹചര്യം 15 ശേഷം ഉണ്ടാവുകയാണെങ്കില്‍ അത് നേരിടാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈദ്യുതി ബോര്‍ഡ് യോഗം ചേരും.
അണക്കെട്ടുകളില്‍ വെള്ളം കുറയുന്നത് ഒഴിവാക്കാന്‍ ഉത്പാദനം കുറച്ച് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നത് അടക്കം യോഗത്തില്‍ ആലോചനയുണ്ടാകും. ഒപ്പം പുറത്തുനിന്ന് വാങ്ങി വൈദ്യുത ഗ്രിഡ്ഡിലൂടെ എത്തിക്കുന്ന വൈദ്യുതി 64 ദശലക്ഷം യൂണിറ്റില്‍ നിന്ന് ഉയര്‍ത്താനും ശ്രമിക്കും.
Comments