KERALA
സംസ്ഥാനത്ത് 2 പേർക്കു കൂടി കോവിഡ്; 14 പേർക്ക് രോഗമുക്തി
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്കു കോവിഡ് രോഗം സ്ഥിരീകരിച്ചു. മലപ്പുറം, കാസർകോട് ജില്ലക്കാർക്കാണ് രോഗം ബാധിച്ചത്. ഒരാൾ മഹാരാഷ്ട്രയിൽനിന്ന് എത്തിയതാണ്. മറ്റൊരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. പതിനാലു പേർക്ക് രോഗം മാറി. പാലക്കാട് –4, കൊല്ലം –3, കണ്ണൂർ കാസർകോട് – 2 വീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് –1 വീതം എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ എണ്ണം.
ഇതുവരെ 497 േപർക്കാണ് രോഗം സ്ഥിരീകരിച്ചത്. 111 പേർ ഇപ്പോള്‍ ചികിത്സയിലാണ്്. 20711 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 20285 പേർ വീടുകളിലാണ്. 426 പേർ ആശുപത്രിയിലും ചികിത്സയിലാണ്. ഇന്ന് 95 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതുവരെ 25973 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 25135 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി. മുൻഗണനാ വിഭാഗങ്ങളിൽപെട്ട 1508 സാംപിളുകൾ ശേഖരിച്ചു. അതിൽ 897 എണ്ണം നെഗറ്റീവാണ്. കണ്ണൂര്‍ ജില്ലയിലാണ് കൂടുതൽ പേർ ഇപ്പോൾ ചികിത്സയിലുള്ളത്– 47 പേർ. കോട്ടയം – 18, ഇടുക്കി –14, കൊല്ലം –12, കാസർകോട്– 9, കോഴിക്കോട് –4, മലപ്പുറം– 2, തിരുവനന്തപുരം –2, പത്തനംതിട്ട– 1, എണറാകുളം– 1, പാലക്കാട്– 1. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയെ ഹോട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. കൊല്ലം ജില്ലയിൽ ഓച്ചിറ, തൃക്കോവിൽവട്ടം പഞ്ചായത്തുകളും കോട്ടയത്തെ ഉദയനാപുരം പഞ്ചായത്തും ഹോട്സ്പോട്ടാണ്. 70 പ്രദേശങ്ങൾ ഇപ്പോൾ ഹോട്സ്പോട്ടിൽ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളികൾക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവരെ തിരിച്ചു നാടട്ടിലെത്തിക്കാൻ നമ്മൾ ഒരുക്കവുമാണ്. എന്നാൽ അവരെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാൻ ശ്രമങ്ങളുണ്ടായി. അത് നിർഭാഗ്യകരമാണ്. തിരക്കു കൂട്ടാനും ലോക്ഡൗൺ ലംഘിക്കാനും അതിഥിതൊഴിലാളികളെ അനുവദിക്കരുത്. കായൽ വഴി അനധികൃത ബോട്ട് യാത്ര ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പൊലീസുമായി എല്ലാവരും സഹകരിക്കണം. ചരക്കു ലോറികളടക്കം അപ്രതീക്ഷിതമായ ഇടങ്ങളിൽനിന്നു രോഗം പകരുന്നുണ്ട്.
കണ്ണൂർ ജില്ലയില്‍ സ്പെഷൽ ട്രാക്കിങ് ടീം പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ 20 വീടുകളുടെയും ചുമതല 2 പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ടീമിന് നൽകിയിട്ടുണ്ട്. ശാസ്ത്രീയ വിവരശേഖരണ രീതി ഉപയോഗിച്ച് ആളുകളുടെ സമ്പര്‍ക്കം കണ്ടെത്തും. ലോക്ഡൗണിന് മുൻപ് വിദേശത്തുനിന്ന് മടങ്ങിയെത്തിയ ആളുകളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടുണ്ട്. അവരെ പരിശോധനയ്ക്കു വിധേയമാക്കാനുണ്ടെങ്കിൽ അതിനുള്ള കാര്യവും ആലോചിക്കുന്നു. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും ഇന്നുമുതൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് ഇന്ന് വൈകിട്ട് നാലു മണിവരെ കേരളത്തില്‍ 954 കേസുകൾ റജിസ്റ്റർ ചെയ്തു.മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകും.
കാസർകോട് ജില്ലയിൽ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കലക്ടർ സജിത് ബാബു,ഐജിമാരായ അശോക് യാദവ്, വിജയ് സാഖറെ എന്നിവർ ക്വാറന്റീനിൽ്‍ പ്രവേശിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ച ദൃശ്യമാധ്യമ പ്രവർത്തകനുമായി. സമ്പർക്കം പുലർത്തിയതു കൊണ്ടാണിത്. കഴിഞ്ഞ ദിവസങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ജില്ലാ ഡിസാസ്റ്റർ മാനേജ്്മെന്റ് അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നല്‍കിയത്.
ഹോട്സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഒരു റോഡ് ഒഴിവാക്കി ബാക്കിയുള്ള റോഡുകളെല്ലാം അടയ്ക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെയും അവരുടെ അയൽവാസികളെയും നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെട്ട് ക്ഷേമാന്വേഷണങ്ങൾ നടത്തും. ലോക്ഡൗൺ ആരംഭിച്ചശേഷം ഇതുവരെ 349504 വീടുകളിൽ പൊലീസ് തന്നെ സന്ദർശനം നടത്തുകയോ ഫോൺ മുഖേനെ വിവരങ്ങൾ അന്വേഷിക്കുകയോ ചെയ്തിട്ടുണ്ട്. ഇതിനു പുറമേ ആരോഗ്യ പ്രവര്‍ത്തകരും ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments