സംസ്ഥാനത്ത് 488 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 234 പേർക്ക് രോഗം
തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 143 പേർ രോഗമുക്തരായി. സമ്പർക്കത്തിലൂടെ 234 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഐടിബിപി രണ്ട്, ബിഎസ്എഫ് രണ്ട്, ബിഎസ്ഇ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.2104 സാമ്പിളുകൾ 24 മണിക്കൂറിനിടെ പരിശോധിച്ചു. ഇന്ന് രോഗമുക്തിനേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തിരുവനന്തപുരം ആറ്, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം ആറ്, ഇടുക്കി നാല്, എറണാകുളം മൂന്ന്,തൃശ്ശൂർ 17, പാലക്കാട് ഏഴ്, മലപ്പുറം 15, കോഴിക്കോട് നാല്, കണ്ണൂ ഒന്ന്.
3694 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 570 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 233809 സാമ്പിളുകൾ പരിശോധനക്കയച്ചു. 6449 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 73768 സാമ്പിളുകൾ ശേഖരിച്ചു. 66636 സാമ്പിളുകൾ നെഗറ്റീവായി. സംസ്ഥാനത്തെ ഹോട്സ്പോട്ടുകൾ 195 ആയി. പുതുതായി 16 ഹോട്സ്പോട്ടുകളാണ് നിലവിൽ വന്നത്.
ഇന്ന് ലഭിക്കുന്ന കണക്കുകൾ സംസ്ഥാനത്താകെ രോഗവ്യാപനം വർധിക്കുന്നതിന്റെ സൂചന. തിരുവനന്തപുരത്ത് 69 പേർക്ക് ഇന്ന് രോഗബാധ. 46 പേർ സമ്പർക്ക രോഗികൾ. പുറമെ, എവിടെ നിന്ന് ബാധിച്ചതെന്ന് അറിയാത്ത 11 കേസുകളും ഉണ്ട്. ജില്ലയിൽ നിരീക്ഷണം ശക്തമായി തുടരുന്നു.
ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ 45 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്. സാമൂഹിക അവബോധം വർധിപ്പിക്കാൻ നോട്ടീസ് വിതരണം, മൈക്ക് അനൌൺസുമെന്റ് തുടങ്ങിയവ നടത്തുന്നു. ഇവിടെ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് റവന്യു-പൊലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ദ്രുത പ്രതികരണ വിഭാഗത്തെ നിയോഗിച്ചു.
ഇന്നലെ വരെയുള്ള ജില്ലയിലെ കണക്കനുസരിച്ച് 18828 പേർ വീടുകളിലും 1901 പേർ വിവിധ സ്ഥാപനങ്ങളിലും രുതൽ നിരീക്ഷണത്തിലാണ്. ഇതുവരെ പൂന്തുറയിൽ 1366 ആന്റിജൻ പരിശോധന നടത്തി. 262 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. പരിശോധന തുടരുന്നു. 150 കിടക്കകളുള്ള ട്രീറ്റ്മന്റ് സെന്റർ ഉടൻ അവിടെ സജ്ജമാക്കും. മൊബൈൽ മെഡിസിൻ ഡിസ്പെൻസറി സജ്ജീകരിച്ചു.
മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വർഡുകളിൽ രോഗവ്യാപനം വർധിച്ച സാഹചര്യത്തിലാണ് കർക്കശ നിലപാട് സ്വീകരിച്ചത്. ജനത്തിനുണ്ടാക്കുന്ന പ്രയാസം കണക്കിലെടുത്താണ് ഇവിടുത്തെ ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നത്. മൂന്ന് വാർഡിലുമായി 8110 കാർഡ് ഉടമകളുണ്ട്. നിത്യോപയോഗ സാധനം എത്തിക്കാൻ അധിക സംവിധാനം ഒരുക്കി.
ആലപ്പുഴയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പുതിയ രോഗികൾ. 87 പേർ. ഇതിൽ 51 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാംപ്, കായംകുളം മാർക്കറ്റ് ഇവ കേന്ദ്രീകരിച്ചാണ് കൂടുതൽ രോഗവ്യാപന സാധ്യത. ചെല്ലാനം ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ രണ്ട് പേർക്കും ഇതിലൊരാളുടെ കുടുംബാംഗങ്ങൾക്കും രോഗം.
താമരക്കുളം, നൂറനാട്, കായംകുളം എന്നിവിടങ്ങളിൽ കൂടുതൽ നിയന്ത്രണം. ഐടിബിപി ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇവിടെ എല്ലാവർക്കും വ്യക്തിഗത ക്വാറന്റൈൻ ഉറപ്പാക്കും. ക്യാംപിന് പുറത്ത് താമസിക്കുന്ന ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ക്വാറന്റൈനിൽ.
പത്തനംതിട്ട ജില്ലയിൽ 54 പേർക്ക് പുതുതായി രോഗം ബാധിച്ചു. 25 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ ആന്റിജൻ ടെസ്റ്റിലൂടെ ജൂലൈ പത്തിന് നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉള്ളവരാണ്. മലപ്പുറത്ത് 51 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 27ഉം സമ്പർക്കം മൂലമാണ്. മലപ്പുറത്ത് നാല് ക്ലസ്റ്ററുകളുണ്ട്. സമ്പർക്കത്തിലൂടെ പല മേഖലയിലും രോഗവ്യാപനം ഉണ്ടാകുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്.
പൊന്നാനിയിലെ ഡോക്‌ടർമാർ, ആശുപത്രി ജീവനക്കാർ, മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങി 25 ലേറെ പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇവയിലൊന്നും തന്നെ വൈറസ് ഉറവിടം വ്യക്തമല്ല. 7266 ആന്റിജൻ ടെസ്റ്റ് പൊന്നാനിയിൽ നടത്തി. 89 പോസിറ്റീവ് കേസുകൾ കണ്ടെത്തി. നഗരസഭാ പരിധിയിൽ ഞായറാഴ്‌ച സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. മെഡിക്കൽ ആവശ്യത്തിനും അത്യാവശ്യ കാര്യത്തിനുമല്ലാതെ ആരും പുറത്തിറങ്ങരുത്. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ റേഷൻ കാർഡ് കൈവശം വയ്ക്കുകയും വേണം.
പാലക്കാട് ഇന്ന് രോഗം സ്ഥിരീകരിച്ചത് 48 പേർക്കാണ്. ജില്ലാശുപത്രി കോവിഡ് ആശുപത്രിയാണ്. പുറമെ പാലക്കാട് ഗവ. മെഡിക്കൽ കോളേജും പാങ്ങോട് മെഡിക്കൽ കോളേജും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പ്രവർത്തിക്കുന്നു. മറ്റ് ആശുപത്രികളിലും ഐസൊലേഷൻ സജ്ജീകരിച്ചു. കഞ്ചിക്കോട് കിൻഫ്രയിൽ ആയിരം കിടക്കയുള്ള ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് ഒരുക്കും. പുതൂർ, അഗളി, അട്ടപ്പാടി മേഖലയിലും പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്.
എറണാകുളത്ത് 47 പേർക്കാണ് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത്. 30 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. 45 കണ്ടെയ്ൻമെന്റ് സോൺ നിലവിലുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീക്ക് രോഗം ബാധിച്ചതിനാൽ ചെല്ലാനത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇവർക്ക് 123 പ്രൈമറി കോണ്ടാക്‌ടും 243 സെക്കന്ററി കോണ്ടാക്ടും കണ്ടെത്തി. പ്രൈമറി കോണ്ടാക്‌ട് ടെസ്റ്റ് നടത്തി 13 പോസിറ്റീവ് കേസുകൾ ഇതുവരെ കണ്ടെത്തി. മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
തൃശ്ശൂരിൽ 29 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. നാട്ടികയിൽ എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം സെക്കന്റ് ലെയർ ട്രീറ്റ്മെന്റ് സെന്ററാക്കും. ഇവിടെ ആയിരം കിടക്കകൾ തയ്യാറാക്കും. മാർക്കറ്റുകളിൽ നിയന്ത്രണം കർശനമാക്കി. തൃശ്സൂർ പൊലീസ് ഓപറേഷൻ ഷീൽഡ് നടപ്പാക്കുന്നു. മെഡിക്കൽ കോളേജിൽ രണ്ട് നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തിയേറ്റർ സജ്ജീകരിച്ച് പ്ലാസ്മ ചികിത്സ ആരംഭിച്ചു.
കണ്ണൂരിൽ 19 പേർക്കാണ് ഇന്ന് രോഗബാധ. ആദ്യത്തെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പരിയാരം മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങി. മാർക്കറ്റുകളിൽ ലോറി ജീവനക്കാർ വിശ്രമം ഒരുക്കും. കണ്ണൂർ മിംസ് ആശുപത്രി കൊവിഡ് ചികിത്സാ ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്. കാസർകോട് ജില്ലയിൽ 18 പേർക്ക് കൊവിഡ് ബാധിച്ചു. ഏഴ് പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. രണ്ട് പേർക്ക് എവിടെ നിന്ന് രോഗം ബാധിച്ചെന്ന് വ്യക്തമായിട്ടില്ല.
സംസ്ഥാനത്ത് കൊവിഡ് മൂന്നാം ഘട്ടം ആരംഭിച്ച ശേഷം ഇതാദ്യമായി കാസർകോട് വെള്ളിയാഴ്ച 12 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. നാല് പച്ചക്കറി കടകളിൽ നിന്നും ഒരു പഴക്കടയിൽ നിന്നുമാണ് ഇവർക്കെല്ലാം രോഗബാധയുണ്ടായത്. കാസർകോട് നിന്ന് മംഗലാപുരത്ത് പോയി പച്ചക്കറി കൊണ്ടുവരുന്ന വാഹനങ്ങൾക്ക് പ്രത്യേക പാസ് നൽകുന്നുണ്ട്. 540 പേരെ ചികിത്സിക്കാവുന്ന ടാറ്റ കൊവിഡ് ആശുപത്രി നിർമ്മാണം അവസാന ഘട്ടത്തിലാണ്. ആശുപത്രി നിർമ്മാണം ഈ മാസം കൊണ്ട് പൂർത്തിയാവും.
കൊല്ലത്ത് 18 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. മൂന്ന് മത്സ്യവിൽപ്പനക്കാർക്ക് രോഗബാധയുണ്ടായത് ആശങ്കയുണ്ടാക്കുന്നു. ഇവരിൽ നിന്ന് 15 ഓളം പേർക്ക് രോഗബാധയുണ്ടായി. ഇവർ മത്സ്യം വിറ്റ സ്ഥലത്തും ഇവരുടെ വാസ സ്ഥലത്തും അതീവ ജാഗ്രത തുടരുകയാണ്. സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കി സ്രവ പരിശോധന നടത്തി വരുന്നു. ജില്ലയിൽ ഇന്നലെയാണ് സമ്പർക്ക രോഗികൾ എണ്ണത്തിൽ മുന്നിൽ വന്നത്. കൊവിഡ് രോഗികളെ ചികിത്സിക്കാൻ പാരിപ്പള്ളി മെർിക്കൽ കോളേജിന് പുറമെ വാളകം ആശുപത്രിയും സജ്ജീകരിച്ചു.
കോഴിക്കോട് 17 പേർക്ക് കോവിഡ് ബാധിച്ചു. സമ്പർക്കത്തിലൂടെ എട്ട് പേർക്ക്. നഗരത്തിലെ വലിയങ്ങാടി, പാളയം, എസ്എം സ്ട്രീറ്റ്, സെൻട്രൽ മാർക്കറ്റ് ഇവ നിയന്ത്രിത മേഖലകൾ. വാഹന ഗതാഗതത്തിനും പൊതുജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയത്ത് 15 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതിൽ നാലും സമ്പർക്കത്തിലൂടെയാണ്.
വയനാട്ടിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കി. കോളനികളിൽ കേസ് റിപ്പോർട്ട് ചെയ്‌താൽ റിസ്‌ക് ഫാക്‌ടർ പരിശോധിച്ച് ആവശ്യമെങ്കിൽ എല്ലാവരെയും ക്വാറന്റൈനിലേക്ക് മാറ്റും. ഇടുക്കിയിൽ അഞ്ച് പേർക്ക് ഇന്ന് രോഗം സ്ഥിരീകകരിച്ചു. ജില്ലയിൽ ദിവസവും കോവിഡ് കൂടിവരികയാണ്. മെഡിക്കൽ കോളേജിലും തൊടുപുഴ ജില്ലാ ആശുപത്രിയിലും ചികിത്സ സൗകര്യമൊരുക്കിയിട്ടുണ്ട്.
കോവിഡ് പ്രതിരോധത്തെ തകർക്കാൻ ശ്രമങ്ങളുണ്ടാവുന്നു. അതിന്റ പ്രത്യാഘാതം വലുതാകുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നും ചില കേന്ദ്രങ്ങളിൽ സുരക്ഷ കൂട്ടാക്കാതെ സമരം സംഘടിപ്പിച്ചു. ഇത് എന്തിന്റെ പേരിലായാലും അനുവദിക്കാനാവില്ല. പ്രകൃതി ദുരന്തവും മറ്റും വന്നപ്പോൾ മറ്റെല്ലാം മാറ്റിവച്ച് പ്രതിരോധത്തിന് ഒന്നിച്ച് ഇറങ്ങിയ നാടാണിത്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തുന്നതും അതിനും നേതൃത്വം വഹിക്കുന്നതും കുറ്റകരമാണ്.
സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം ശക്തമായി തുടരുകയാണ്. ബ്രേക്ക് ദി ചെയ്ൻ ക്യാംപെയ്ൻ ശക്തമായി മുന്നോട്ട് പോകണം. സാമൂഹിക അകലം കർശനമായി പാലിക്കണം. കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് ശുചിയാക്കണം. പൊതു ഇടങ്ങളിൽ മാസ്‌ക് ഉപയോഗം പ്രധാനപ്പെട്ടത്. രോഗം ഒരാളിൽ നിന്ന് പകരാതിരിക്കാൻ മാസ്ക് സഹായിക്കുന്നു.
കോവിഡ് ബാധിതനായ ഒരാളും മറ്റൊരു വ്യക്തിയും മാസ്കില്ലാതെ അടുത്തടുത്ത് വന്നാൽ രോഗം പകരാൻ സാധ്യത കൂടും. രണ്ടാളുകളും മാസ്‌ക് ധരിച്ചാൽ രോഗം പകരാനുള്ള സാധ്യത കുറയും. പൊതു സ്ഥലങ്ങളിൽ മാസ്കുകൾ നിർബന്ധമായും എല്ലാവരും ധരിക്കണം. എന്നാൽ മാസ്‌ക് ധരിച്ചത് കൊണ്ട് മാത്രം എല്ലാമാകില്ല. ശാരീരിക അകലം പാലിച്ചില്ലെങ്കിൽ മാസ്‌ക് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല.