സംസ്ഥാനവ്യാപകമായി വ്യാഴാഴ്ച 545 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി 545 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 14 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതെ പ്രവർത്തിച്ച 18 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 32 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും 177 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇനിയും ശക്തമായ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ മുതല്‍ കമ്മീഷണര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. കോവിഡിന് ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികള്‍ ശക്തമാക്കിയതായി യോഗം വിലയിരുത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കഴിഞ്ഞ ആറ് മാസത്തിനകം അര ലക്ഷത്തോളം പരിശോധനകൾ നടത്തി 149 സ്ഥാപനങ്ങള്‍ അടപ്പിച്ചു.
എന്‍ഫോഴ്സ്മെന്റ് അവലോകനങ്ങള്‍ രണ്ടാഴ്ചയിലൊരിക്കല്‍ നടത്തണം. സംസ്ഥാന തലത്തില്‍ മാസത്തിലൊരിക്കല്‍ വിലയിരുത്തല്‍ നടത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. ഓണ്‍ലൈന്‍ സംവിധാനം ശക്തമാക്കും. ഇനിമേല്‍ പരിശോധന നടത്തുന്ന സ്ഥാപനങ്ങള്‍ കൃത്യമായി ഓണ്‍ ലൈന്‍ മുഖേന ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. ഇത് സംസ്ഥാന തലത്തില്‍ വിലയിരുത്തണം. ഹോട്ടലുകളുടെ ഹൈജീന്‍ റേറ്റിംഗ് സംവിധാനവും, പൊതുജനങ്ങള്‍ക്ക് വിവിരങ്ങള്‍ അറിയിക്കാനുള്ള പോര്‍ട്ടലും ഉടന്‍ തന്നെ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.