DISTRICT NEWS

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിശിഷ്ടാതിഥികളെ അക്ഷരോപഹാരം നൽകി സ്വീകരിക്കുന്നതിന്റെ ഭാഗമായി ആദ്യ പുസ്തകം എം ടിയിൽ നിന്ന് മന്ത്രി കെ രാജൻ ഏറ്റുവാങ്ങി

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട്  വെച്ച് നടക്കുന്ന 61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിശിഷ്ടാതിഥികളെ അക്ഷരോപഹാരം നൽകി സ്വീകരിക്കുന്നതിന്റെ ഭാഗമായി ആദ്യ പുസ്തകം എം ടി വാസുദേവൻ നായരിൽ നിന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഏറ്റുവാങ്ങി.

എം ടി ഒപ്പിട്ട പുസ്തകം അതിഥികൾക്ക് കൊടുക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് രണ്ടാംമൂഴം പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് മന്ത്രി പറഞ്ഞു. രണ്ടാംമൂഴമടക്കം ആറ് പുസ്തകങ്ങൾ അക്ഷരോപഹാരമായി എം ടി നൽകി. പ്രിയ എഴുത്തുകാരന് പുതുവത്സാരാശംസകൾ നേർന്നാണ് മന്ത്രി മടങ്ങിയത്.

61ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന – സമാപന സമ്മേളന ചടങ്ങുകളിൽ പങ്കെടുക്കുന്ന വിശിഷ്ട അതിഥികൾക്ക് കോഴിക്കോട്ടെ 61 സാഹിത്യകാരൻമാർ കയ്യൊപ്പിട്ട് നൽകുന്ന പുസ്തകങ്ങൾ ഉപഹാരമായി നൽകും. എഴുത്തുകാരുടെ വീടുകളിൽ എത്തി ജനപ്രതിനിധികളും കലോത്സവ കമ്മിറ്റി ഭാരവാഹികളും പുസ്തകങ്ങൾ ഏറ്റുവാങ്ങും.

എം ടി വാസുദേവൻ നായരുടെ വസതിയിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ പി ഗവാസ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മനോജ്‌, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ, റിസപ്ഷൻ കമ്മിറ്റി കൺവീനർ ഭാരതി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button