സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് നടക്കുന്ന എന്റെ കേരളം പ്രദർശന– വിപണന മേളയ്ക്ക് തുടക്കമായി
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് നടക്കുന്ന എന്റെ കേരളം പ്രദർശന– വിപണന മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമായി. കോഴിക്കോട് ബീച്ചിൽ വൈകിട്ട് ഏഴ് മണിക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷനായി. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, എംപിമാരായ എം കെ രാഘവൻ, കെ മുരളീധരൻ, എളമരം കരീം, ബിനോയ് വിശ്വം, പി ടി ഉഷ, മേയർ ഡോ. ബീന ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളായി.
വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കൈവരിച്ച മികവും നേട്ടങ്ങളും അവതരിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള മേയ് 18 വരെ ഉണ്ടാകും. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള. സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കാനും അവർക്ക് മികച്ച സേവനം നൽകാനും കഴിയുന്ന സ്റ്റാളുകളാണ് മുഴുവൻ വകുപ്പുകളും ഒരുക്കുന്നത്.
69 വകുപ്പുകളുടെതായി 190- ഓളം സ്റ്റാളുകളം ഒരുങ്ങുന്നുണ്ട്. തീം വിഭാഗത്തിലും യൂത്ത് സെഗ്മെന്‍റ്, തൊഴിൽ വിദ്യാഭ്യാസ വിഭാഗത്തിലും കൊമേഴ്സ്യൽ വിഭാഗത്തിലുമാണ് സ്റ്റാളുകൾ. ശീതീകരിച്ച തീം കൊമേഴ്സ്യൽ സ്റ്റാളുകൾ, ഫുഡ് കോർട്ട് എന്നിവ മേളയുടെ പ്രധാന ആകർഷണമാകും.
ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും സാംസ്കാരിക പരിപാടികളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.