സംസ്ഥാന സർക്കാര്‍ സാമൂഹ്യ ക്ഷേമ പെൻഷൻ ഘടനയിൽ മാറ്റം വരുത്തിയേക്കും
സംസ്ഥാന സർക്കാര്‍ സാമൂഹ്യ ക്ഷേമ പെൻഷൻ ഘടനയിൽ മാറ്റം വരുത്തിയേക്കും. കടമെടുപ്പ് അനുമതി വൈകിപ്പിച്ചും ഗ്രാൻറ് വെട്ടിച്ചുരുക്കിയുമുള്ള കേന്ദ്രസർക്കാറിൻ്റെ കടുംപിടുത്തങ്ങൾ കാരണം സാമൂഹ്യ ക്ഷേമ പെൻഷൻ ഘടനയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാര്‍ ആലോചിക്കുന്നു. ക്ഷേമ പെൻഷൻ മൂന്ന് മാസത്തിലൊരിക്കൽ ആക്കുന്നത് അടക്കം ബദൽ നിര്‍ദ്ദേശങ്ങൾ ധനവകുപ്പിന്റെ സജീവ പരിഗണനയിൽ ഉണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സാമ്പത്തിക കാര്യങ്ങളിൽ അസാധാരണ ഇടപെടലാണ് കേന്ദ്രം നടത്തുന്നതെന്ന് ധനമന്ത്രി ആരോപിച്ചു.
സംസ്ഥാനത്തിപ്പോൾ ക്ഷേമ പെൻഷൻ മൂന്ന് മാസത്തെ കുടിശികയായി. പ്രതിമാസ പെൻഷൻ മുടക്കമില്ലാതെ നൽകാനാണ് സാമൂഹ്യ ക്ഷേമ പെൻഷൻ കമ്പനി രൂപീകരിച്ചതെങ്കിലും കിഫ്ബിയും കമ്പനിയും എടുത്ത 14,312 കോടി വായ്പ കേരളത്തിന്റെ വായ്പ പരിധിയിൽ നിന്ന് വെട്ടിക്കുറക്കാൻ കേന്ദ്രം തീരുമാനിച്ചതോടെ വലിയ പ്രതിസന്ധിയിലാണ്.
മൂന്ന് മാസത്തിലൊരിക്കൽ ഒരിക്കലോ മറ്റോ കാലാവധി നിശ്ചയിച്ച് പണം നൽകുന്നതാകും പ്രായോഗികമെന്ന ചര്‍ച്ച ഇതിനകം ഉയര്‍ന്ന് വന്നിട്ടുമുണ്ട്. ക്ഷേമപെൻഷൻ ആനുകൂല്യങ്ങളിലെ കേന്ദ്ര വിഹിതവും രണ്ട് വര്‍ഷമായി കുടിശികയാണ്. കേരളത്തിന് അനുവദിച്ച 32440 കോടി രൂപ വായ്പാ പരിധിയിൽ നിന്ന് ഡിസംബര്‍ വരെയുള്ള 9 മാസത്തേക്കുള്ള വായ്പ തുകക്ക് കേരളം അനുമതി തേടിയെങ്കിലും കേന്ദ്ര തീരുമാനം അനിശ്ചിതമായി വൈകുകയാണ്. ഇതോടെ അത്യാവശ്യ ചെലവുകൾക്ക് പോലും പണം ഇല്ലാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍. മറ്റ് സംസ്ഥാനങ്ങൾക്ക് റവന്യു വരുമാനത്തിന്റെ 50 ഉം 60 ശതമാനം കേന്ദ്ര വിഹിതം അനുവദിക്കുമ്പോൾ കേരളത്തിന് വെറും 35 ശതമാനം മാത്രമേ കിട്ടുന്നുള്ളൂ.