സന്നിധാനത്ത് തീർഥാടകരെ കബളിപ്പിച്ച് നെയ്ത്തേങ്ങ വാങ്ങി കൊപ്രാക്കളത്തിൽ എത്തിച്ച് തട്ടിപ്പ്
കൊപ്രാക്കളത്തിലെ തൊഴിലാളികൾ സന്നിധാനത്ത് തീർഥാടകരെ കബളിപ്പിച്ച് ആഴിയിൽ നിക്ഷേപിക്കാനെന്ന് പറഞ്ഞ് തീർഥാടകരിൽ നിന്ന് നെയ്ത്തേങ്ങ വാങ്ങുന്നതായി പരാതി. എന്നാൽ തീർഥാടകർ ഉപേക്ഷിക്കുന്ന നെയ്ത്തേങ്ങയാണ് എടുക്കുന്നതെന്നാണ് കൊപ്രാക്കളത്തിലുള്ളവർ പറയുന്നത്.
നെയ്ത്തേങ്ങയുമായി എത്തുന്ന തീർഥാടകർ അയ്യപ്പ ദർശനത്തിന് ശേഷമാണ് തേങ്ങ മുറിച്ച് നെയ് സമർപ്പിക്കുന്നത്. സന്നിധാനത്തിരുന്നാണ് തേങ്ങ പൊട്ടിച്ച് നെയ്യെടുക്കുന്നത്. ഉടച്ച തേങ്ങയുടെ ഒരു ഭാഗം സന്നിധാനത്തെ ആഴിയിൽ സമർപ്പിക്കും. ഒരു ഭാഗം തിരികെ കൊണ്ടുപോകും. തേങ്ങയുടയ്ക്കുന്ന സ്ഥലത്താണ് കൊപ്രാക്കളത്തിലെ സംഘം ചാക്കുമായെത്തി തേങ്ങ ശേഖരിക്കുന്നത്. ആഴിയിലേക്കെന്ന് പറഞ്ഞ് വാങ്ങിയ ശേഷം കൊപ്രാക്കളത്തിലേക്ക് കൊണ്ടുപോകുന്നു. തേങ്ങയിലെ നെയ് കഴുകി നീക്കിയ ശേഷമാണ് കൊപ്രയാക്കുന്നത്.
നാലരക്കോടിയോളം രൂപയ്ക്കാണ് ഇത്തവണ കൊപ്രാക്കളം ലേലം . തീർഥാടകർ പതിനെട്ടാം പടിയുടെ ഇരുവശവും അടിക്കുന്ന തേങ്ങയും മാളികപ്പുറത്ത് ഉരുട്ടുന്ന തേങ്ങയുമാണ് ലേലത്തിനുള്ളത്. നെയ്യ്ത്തേങ്ങയും കൂടി കൈക്കലാക്കുന്നതിനെതിരെ ദേവസ്വം ബോർഡും ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.