സബ് രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തനം വിലയിരുത്താൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എത്തി
പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഫറോക്ക് സബ് രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തനം വിലയിരുത്താൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എത്തി. ബുധനാഴ്ച ഉച്ചയോടെയാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ കെട്ടിടോദ്ഘാടനം നടന്നെങ്കിലും ഓഫീസ് തരംതിരിക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനം നടക്കാത്തതിനെത്തുടർന്ന് ഫറോക്ക് ചന്തയിലെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തനം.
കിഫ്ബി അനുവദിച്ച 1.19 കോടിരൂപ ചെലവിട്ടാണ് കേരള കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ആധുനിക സൗകര്യങ്ങളോടെ ഇരുനിലക്കെട്ടിടം പണിതത്. ഓഫീസ് മുറി, രജിസ്ട്രാറുടെ മുറി, ലൈബ്രറി, ശൗചാലയം എന്നിവ താഴത്തെ നിലയിലും മുകളിലെ നില റെക്കോഡ് സൂക്ഷിപ്പുകേന്ദ്രവുമായാണ് പുതിയ കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്. ഫറോക്ക് സബ് രജിസ്ട്രാർ എസ്.കെ. പ്രേമചന്ദ്രൻ, പി.വി. മഞ്ജുള, സി. കൃഷ്ണകുമാർ തുടങ്ങിയവരുമായി മന്ത്രി സംസാരിച്ചു.