സമാപനസമ്മേളനം ഇലന്തുകടവില്‍. കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് കൊടിയിറങ്ങി
മലയോര ജനതയുടെ ഹൃദയതാളമായി മാറിയ ഏഴാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച (28.07.19) കൊടിയിറങ്ങി. സമാപന സമ്മേളനം വൈകിട്ട് അഞ്ച് മണിക്ക് ഇരുവഞ്ഞിപ്പുഴയിലെ പുല്ലൂരാംപാറ ഇലന്തുകടവില്‍ നടന്നു. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.
കോടഞ്ചേരി പുലിക്കയത്ത് ചാലിപ്പുഴയില്‍ ശനിയാഴ്ച വനിതകളുടെ സ്ലാലോം, ബോട്ടര്‍ ക്രോസ്, പുരുഷന്മാരുടെ വിഭാഗത്തില്‍ അമച്വര്‍ സ്ലാലോം, അമച്വര്‍ ബോട്ടര്‍ ക്രോസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. വനിതകളുടെ സ്ലാലോം മത്സരത്തില്‍ മേഘാലയക്കാരിയായ എലിസബത്ത് വിന്‍സെന്റ് ജേതാവായി. മധ്യപ്രദേശുകാരായ ആരതി പാണ്ഡേ, സാനിയ പിംഗളേ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വനിതകളുടെ ബോട്ടര്‍ ക്രോസ് മത്സരത്തില്‍ മധ്യപ്രദേശുകാരികളായ ആരതി പാണ്ഡേ ഒന്നാംസ്ഥാനവും ശിഖ ചൗഹാന്‍ രണ്ടാംസ്ഥാനവും നേടി. ഉത്തരാഖണ്ഡുകാരിയായ നൈന അധികാരിക്കാണ് മൂന്നാംസ്ഥാനം. പുരുഷന്മാരുടെ അമച്വര്‍ സ്ലാലോം മത്സരത്തില്‍ ദാദപീര്‍ (കര്‍ണാടക) ചാമ്പ്യനായി. മധ്യപ്രദേശുകാരനായ ശുഭാം കേവത്ത് രണ്ടാംസ്ഥാനവും നേപ്പാളുകാരന്‍ കര്‍മ ലാമ മൂന്നാംസ്ഥാനവും നേടി. പുരുഷന്മാരുടെ അമച്വര്‍ ബോട്ടര്‍ ക്രോസില്‍ ഇന്ത്യന്‍ താരമായ മധ്യപ്രദേശുകാരന്‍ ശുഭം കേവത്ത് ജേതാവായി. കര്‍ണാടകക്കാരന്‍ സുശാന്ത്് രണ്ടും പ്രത്യുമാന്‍ റാത്തോഡ് മൂന്നാംസ്ഥാനവും നേടി.
ഞായറാഴ്ച ഇരുവഞ്ഞിപ്പുഴയിലാണ് മത്സരങ്ങള്‍ നടന്നത്. കൊച്ചരിപ്പാറയില്‍ നിന്നാരംഭിക്കുന്ന ഡൗണ്‍ റിവര്‍, കുറുങ്കയത്ത് നിന്നാരംഭിക്കുന്ന സൂപ്പര്‍ ഫൈനല്‍ എന്നിവയായിരുന്നു മത്സരങ്ങള്‍. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മുഴുവന്‍ കയാക്കര്‍മാരും ഒന്നിച്ച് അണിനിരക്കുന്നതാണ് സൂപ്പര്‍ഫൈനല്‍. വിവിധ മത്സരങ്ങളില്‍, പുരുഷ-വനിതാ വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ പോയിന്റ്് നേടിയവരെയാണ് ചാമ്പ്യന്‍ഷിപ്പിലെ റാപ്പിഡ് രാജയായും റാപ്പിഡ് റാണിയായും തെരഞ്ഞെടുക്കുക.
സമാപനസമ്മേളനം ജോര്‍ജ് എം തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ശീറാം സാംബശിവറാവു വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു.