സമൂഹമാധ്യത്തിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് യുവാക്കൾ അറസ്റ്റിൽ
കോഴിക്കോട്: സമൂഹമാധ്യത്തിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ മക്കരപറമ്പ് സ്വദേശികളായ മുഹമ്മദ് നദാൽ (20), അഫ്ത്താബ് (21) എന്നിവരാണ് പോക്സോ കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ യുവാക്കള്‍ വീട്ടുകാരറിയാതെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ജൂലയ് 20നാണ് മുഹമ്മദ് നദാലും അഫ്ത്താബും ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കാണാതായാതോടെ രക്ഷിതാക്കള്‍ എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികള്‍ മലപ്പുറത്തുണ്ടെന്ന് കണ്ടെത്തി. മലപ്പുറത്തെത്തിയ അന്വേഷണ സംഘം പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. എലത്തൂര്‍ എസ്ഐ ഇ എംസന്ദീപ്, എ എസ് ഐമാരായ കെ എ സജീവൻ, ജയേഷ് വാര്യർ, എസ് സി പി ഒ ടി കെ ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.