സമ്പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയെന്നത് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പി പ്രസാദ്
വരും വര്‍ഷങ്ങളില്‍ കേരളത്തെ സമ്പൂര്‍ണ്ണ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെന്ന് കൃഷി മന്ത്രി പി പ്രസാദ്. കാർഷിക മേഖലയിലെ ഊർജ പരിവർത്തനം എന്ന വിഷയത്തിൽ എനർജി മാനേജ്മെന്റ് സെന്റർ സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാരിസ്ഥിതിക പ്രതിഭാസങ്ങളും കാലാവസ്ഥ വ്യതിയാനവും മിത്തുകളാണെന്ന ധാരണ നമുക്കുണ്ടായിരുന്നുവെന്നും എന്നാൽ ഓഖിയും പ്രളയവും നമുക്ക് പാഠമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിസ്ഥിതി സൗഹൃദ ഊർജ ഉപഭോഗത്തിലൂടെയും കാർഷിക മേഖലയെ കാർബൺ ഡൈ ഓക്‌സൈഡ് വിമുക്തമാക്കിയും ഈ നേട്ടത്തിലേക്ക് കേരളമെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ആദ്യഘട്ടമായി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കൃഷി ഫാമുകൾ കാർബൺ വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സമയ പരിധി നിശ്ചയിച്ച് കാർബൺ ബഹിർഗമനവും മലിനീകരണവും ഇല്ലാതാക്കാൻ അന്താരാഷ്ട്ര ഉച്ചകോടികളിൽ രാഷ്ട്രങ്ങൾ തമ്മിൽ ധാരണയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പുനരുപയോഗിക്കാവുന്ന സൗരോർജമടക്കമുള്ള ഊർജ സ്രോതസ്സുകളെ കാർഷിക മേഖലയിലടക്കം ഉപയോഗിക്കാൻ സാധിക്കണമെന്നും പറഞ്ഞു.
കാർഷികാവശ്യത്തിനുള്ള പമ്പുകളടക്കമുള്ള ഉപകരണങ്ങൾ ഊർജ ക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമാകണം. കുട്ടനാടടക്കമുള്ള കാർഷിക മേഖലകളിൽ ഉപയോഗിക്കുന്ന പരമ്പരാഗത ഉപകരണങ്ങൾക്ക് പകരം മെച്ചപ്പെട്ടത് നൽകുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കർഷകർക്കും കാലാനുസൃതമായ പരിശീലനം നൽകണമെന്നാണ് കൃഷി വകുപ്പ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിശീലന പരിപാടികൾക്ക് വിവിധ സ്ഥാപനങ്ങളുമായി സഹകരിക്കുമെന്നും ഇതിനായി എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി ഉചിതമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ശ്രീകാര്യത്ത് എനർജി മാനേജ്‌മെന്റിന്റെ കേന്ദ്ര കാര്യാലയത്തിൽ നടന്ന ചടങ്ങിൽ എനർജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടർ ഡോ.ആർ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.