സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം കടുപ്പിച്ചു
സാമ്പത്തിക വര്‍ഷം അവസാനിക്കാൻ ദിവസങ്ങൾ ബാക്കിയിരിക്കെ സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം കടുപ്പിച്ചു. ഈ മാസം 29 ന് ശേഷം ട്രഷറിയില്‍ സമര്‍പ്പിക്കുന്ന ബില്ലുകള്‍ സ്വീകരിക്കേണ്ടെന്ന് ട്രഷറി ഡയറക്ടര്‍ക്ക് ധനകാര്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
സര്‍ക്കാര്‍ വകുപ്പുകളുടേയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും 28 ന് ശേഷം ലഭിക്കുന്ന ബില്ലുകള്‍ ക്യൂവിലേക്ക് മാറ്റും. ഈ ബില്ലുകള്‍ മാര്‍ച്ച് 31 നകം മാറില്ലെന്നും ധനവകുപ്പ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നീക്കം. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 ന് അര്‍ധ രാത്രി വരെ ട്രഷറി പ്രവര്‍ത്തിക്കുമെങ്കിലും ബില്ലുകള്‍ പാസാക്കാനാകില്ലെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ബില്ലുകള്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
എല്ലാ വകുപ്പുമേധാവികളും ഓഫീസര്‍മാരും മാര്‍ച്ച് 29 അഞ്ചിന് മുമ്പായി ബില്ലുകളും ചെക്കുകളും ട്രഷറിയില്‍ സമര്‍പ്പിക്കണം. ഇതിനുശേഷമുള്ള ഒരു ബില്ലും അംഗീകരിക്കുകയില്ല. ബജറ്റ് വിഹിതം അനുസരിച്ചുള്ള അലോട്ട്‌മെന്റ് ലെറ്ററുകള്‍ മാര്‍ച്ച് 25 ന് ബന്ധപ്പെട്ട ട്രഷറികളില്‍ സമര്‍പ്പിക്കണം. ബില്ലുകള്‍ സമര്‍പ്പിക്കുന്ന സമയം തന്നെ ടോക്കണ്‍ കൂടി നല്‍കും. ഈ ടോക്കണിന്റെ അടിസ്ഥാനത്തിലാകും ബില്ലുകള്‍ മാറുന്നതിന് മുന്‍ഗണന നല്‍കുക. ഈ സാമ്പത്തിക വര്‍ഷം ഈ ബില്ലുകള്‍ മാറില്ലെന്നും അടുത്ത സാമ്പത്തിക വര്‍ഷമായിരിക്കും ബില്ലുകള്‍ മാറുകയെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു.