സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ ഗൃഹനാഥൻ ജീവനൊടുക്കി
സ്വയം ചിതയൊരുക്കി തീകൊളുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാർ ആണ് മരിച്ചത്. 68 വയസ്സായിരുന്നു. സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിജയകുമാർ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. കെട്ടിട നിർമ്മാണ തൊഴിലാളിയായ വിജയകുമാർ ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ചില സാമ്പത്തിക ബാധ്യതകളും വിജയകുമാറിനുണ്ടായിരുന്നുവെന്നാണ് സൂചന. ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യം തനിക്കില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ വിജയകുമാർ എഴുതിയിട്ടുണ്ടെന്നാണ് വിവരം.
പുലർച്ചെ ഒരു മണിയോടെയാണ് പുത്തൂർ മാറനാട് സ്വദേശിയായ വിജയമ്മയുടെ വീടിനു മുന്നിലെ ഒഴിഞ്ഞ പറമ്പിൽ തീ പടരുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയും ഉണ്ടായി. സമീപത്ത് കൂട്ടിയിട്ടിരുന്ന വിറകിൽ തീ പടർന്നു എന്നാണ് ആദ്യം ധരിച്ചത്. ഇന്ന് രാവിലെ നടത്തിയ വിശദ പരിശോധനയിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത വിജയകുമാർ വിജയമ്മയുടെ വീട് സമീപമായിരുന്നു താമസിച്ചിരുന്നത്.