സാമൂഹ്യ മാധ്യമങ്ങള്‍ക്കായി പുതുക്കിയ നിയമങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍
സാമൂഹ്യ മാധ്യമങ്ങള്‍ക്കായി പുതുക്കിയ നിയമങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. കമ്പനികള്‍ ഇന്ത്യക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നിയമം പുറപ്പെടുവിച്ചത്.
കമ്പനികളുടെ ഉള്ളടക്ക മോഡറേഷന്‍ തീരുമാനങ്ങളുടെ അപ്പീലുകള്‍ കേള്‍ക്കാന്‍ ഒരു സര്‍ക്കാര്‍ പാനല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഐടി നിയമത്തിലെ കരട് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ അത് പെട്ടന്ന് പിന്‍വലിച്ച് നിയമത്തിന്റെ കരട് പിന്നെയും പുറത്തിറക്കുകയായിരുന്നു. നിയമത്തില്‍ സര്‍ക്കാര്‍ 30 ദിവസത്തിനകം പൊതുജനങ്ങളുടെ അഭിപ്രായം തേടും.
സാമൂഹ്യ മാധ്യമങ്ങളിലെ സുരക്ഷയെച്ചൊല്ലി കേന്ദ്രസര്‍ക്കാര്‍ നിരവധി ടെക് ഭീമന്മാരുമായി ബന്ധം വഷളാക്കിയിരുന്നു. പുതുക്കിയ നിയമങ്ങള്‍ നിലവില്‍ വരുന്നതോടെ ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ നിയന്ത്രണം കര്‍ശനമാകും.
‘ഒരുപാട് (സാങ്കേതിക) ഇടനിലക്കാര്‍ ഇന്ത്യന്‍ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്,’ എന്ന് ഏതെങ്കിലും കമ്പനിയുടെ പേരെടുത്തു പറയാതെ സര്‍ക്കാര്‍ വിമര്‍ശിച്ചു. എന്നാലിത് ട്വിറ്ററിനെയുദ്ദ്യേശിച്ചാണെന്നാണ് വിലയിരുത്തല്‍.
കര്‍ഷക പ്രതിഷേധങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് സര്‍ക്കാര്‍ പറഞ്ഞ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള ഉത്തരവുകള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ ട്വിറ്റര്‍ വിസമ്മതിച്ചിരുന്നു. ഇത് ഇന്ത്യന്‍ സര്‍ക്കാരും ട്വിറ്ററും തമ്മില്‍ സംഘര്‍ഷത്തിനും കാരണമായി. നയങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ള സ്വാധീനമുള്ള വ്യക്തികളുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതിനും ട്വിറ്റര്‍ ഇന്ത്യയി പഴികേട്ടിരുന്നു.