സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ്: മന്ത്രി ആര്‍ ബിന്ദു
സംസ്ഥാനത്ത് സ്വാശ്രയ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോളേജുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 1178 വിദ്യാര്‍ത്ഥികളുടെ സ്‌പെഷ്യല്‍ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. സാമൂഹ്യമാധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഓരോ സ്വാശ്രയ കോളേജും സര്‍ക്കാരിനു നല്‍കിയ 50 ശതമാനം സീറ്റില്‍ പ്രവേശനം ലഭിച്ചവരില്‍പ്പെട്ട പാവപ്പെട്ട 25 ശതമാനം കുട്ടികളെയാണ് ഫീസ് ഇളവിന് പരിഗണിച്ചത്. 5000 രൂപമുതല്‍ 25,000 രൂപ വരെയുള്ള ഫീസ് ഇളവാണ് ഇവര്‍ക്ക് ലഭിക്കുക. സ്‌പെഷ്യല്‍ ഫീസ് ഒഴിവാക്കിയതിന് പുറമെ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുകയും ചെയ്യും.
2021-22 ബാച്ചിലെ ഫീസിളവ് ആനുകൂല്യത്തിന് അര്‍ഹരായവരുടെ പട്ടിക പ്രവേശന കമ്മീഷണര്‍ പ്രസിദ്ധീകരിച്ചു. അര്‍ഹരുടെ പട്ടിക www.cee.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.