സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം മരവിപ്പിക്കാത്തതിനെതിരെ സമര സമിതി വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു
സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം മരവിപ്പിക്കാത്തതിനെതിരെ സമര സമിതി വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. സില്‍വര്‍ ലൈന്‍ പ്രത്യക്ഷ നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വലിച്ചതോടെ സമര പരിപാടികള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഭൂമി മരവിപ്പിച്ച നടപടി പിന്‍വലിച്ച് പുനര്‍വിജ്ഞാപനമിറക്കണമെന്ന ആവശ്യമുന്നയിച്ച് സംസ്ഥാന വ്യാപകമായ പ്രത്യക്ഷസമരം നടത്താനാണ് സമിതി ഇപ്പോള്‍ തയാറെടുക്കുന്നത്.
ഈ മാസം 13ന് എറണാകുളത്ത് നടക്കുന്ന സമരസമിതി നേതൃയോഗത്തില്‍ തുടര്‍പ്രക്ഷോഭ രൂപരേഖ തയാറാക്കും. സില്‍വര്‍ലൈനിനായി സാമൂഹികാഘാത പഠനവും ഭൂമിയേറ്റെടുക്കല്‍ നടപടികളും നിര്‍ത്തിയെന്നല്ലാതെ പദ്ധതിയില്‍നിന്ന് പിന്മാറിയെന്ന് സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ഭൂമിയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന് നിയമനടപടികള്‍ സ്വീകരിക്കുന്നത് കാര്യമായി ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍.
അതേസമയം ജനകീയ പ്രക്ഷോഭങ്ങളിലൂടെ സാമൂഹികസമ്മര്‍ദം ശക്തമാക്കി വിജ്ഞാപനം പിന്‍വലിപ്പിക്കലാണ് സമരസമിതിയുടെ ലക്ഷ്യം.