സില്‍വർലൈനില്‍ സര്‍ക്കാരിന് ആശ്വാസം.സ്റ്റേ റദ്ദാക്കി ഹൈക്കോടതി
സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് ആശ്വാസം. സര്‍വേ നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി ഡിഷവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. തങ്ങളുടെ ഭൂമിയില്‍ സര്‍വേ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിലര്‍ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് നല്‍കിയ സ്റ്റേ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇപ്പോഴത്തെ ഉത്തരവ്. സില്‍വര്‍ ലൈനിന്റെ സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
സിംഗിള്‍ ബെഞ്ച് തങ്ങളുടെ അധികാരത്തിന് അപ്പുറമുള്ള കാര്യങ്ങളില്‍ ഇടപെടുന്നതായി സർക്കാർ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പദ്ധതിയെ എതിര്‍ക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും സാമൂഹ്യാഘാത പഠനത്തെ അടക്കം അത് ബാധിക്കും എന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.
ഡിപിആറിന്റെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും സിംഗിള്‍ ബെഞ്ച് നേരത്തെ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഈ ആവശ്യം ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കിയിട്ടുണ്ട്. ഡിപിആര്‍ സംബന്ധിച്ച് പ്രതിപക്ഷം അടക്കം കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഇതും സര്‍ക്കാരിന് ആശ്വാസം നല്‍കുന്ന കാര്യമാണ്.
തങ്ങളുടെ ഭൂമിയില്‍ നടക്കുന്ന സർവേ നടപടികള്‍ക്കെതിരേ നാല് ഹര്‍ജികളിലായി പത്ത് പേരായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഭൂമിയിലെ സര്‍വേ നടപടികളാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് താത്കാലികമായി തടഞ്ഞിരുന്നത്.