സിവില്‍ സപ്ലൈസിനുണ്ടായ വീഴ്ച; സ്ഥിരമായി റേഷന്‍ വാങ്ങുന്ന ഒന്‍പതുലക്ഷം കുടുംബങ്ങള്‍ക്ക് അരി നഷ്ടമായി
റേഷന്‍കടകളില്‍ സ്റ്റോക്ക് എത്തിക്കുന്നതില്‍ സിവില്‍ സപ്ലൈസ് വീഴ്ച വരുത്തിയതു കാരണം സ്ഥിരമായി റേഷന്‍ വാങ്ങുന്ന ഒന്‍പതുലക്ഷം കുടുംബങ്ങള്‍ക്ക് അരി നഷ്ടപ്പെട്ടു. ഒപ്പം സ്ഥിരമായി റേഷനരി വാങ്ങാന്‍ എത്താത്ത 9.5 ലക്ഷം കുടുംബങ്ങള്‍ക്കും കഴിഞ്ഞമാസം അരി കിട്ടിയില്ല.
സെപ്റ്റംബര്‍ 83,71,047 പേർക്ക് റേഷൻ ലഭിച്ചപ്പോൾ ഒക്ടോബര്‍ 74,34,260 പേർക്ക് മാത്രമാണ് പൊതുവിപണിയിൽ നിന്ന് അരി ലഭിച്ചത്. 18,51,848 പേർക്ക് അരി ലഭിച്ചില്ല. സെപ്റ്റംബര്‍ മാസത്തിലേക്കാളും ഇരട്ടി ആളുകൾക്കാണ് ഒക്ടോബറിൽ അരി കിട്ടാതെ പോയത്. 92.86 ലക്ഷം കാര്‍ഡുടമകളാണ് സംസ്ഥാനത്തുള്ളത്.
ഒക്ടോബറിലെ അരി 25-നുശേഷമാണ് മിക്ക കടകളിലുമെത്തിയത്. ചിലയിടത്ത് പി.എം.ജി.കെ.എ.വൈ വിഹിതം 31-നുമാണ് എത്തിയത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞമാസത്തെ വിതരണം നവംബറിലേക്കും നീട്ടണമെന്നു വ്യാപാരികളാവശ്യപ്പെട്ടെങ്കിലും അതിനനുവദിച്ചില്ല. ഇതോടെയാണു കാര്‍ഡുടമകള്‍ക്ക് അരി നഷ്ടമായത്.
പതിവു വിഹിതത്തിനുപുറമേ പി.എം.ജി.കെ.എ.വൈ പദ്ധതിപ്രകാരം നല്‍കുന്ന സൗജന്യറേഷനും കിട്ടാത്തവര്‍ ഏറെയുണ്ട്. എഫ്.സി.ഐ യില്‍നിന്ന് കൃത്യമായി സംസ്ഥാനം അരിയേറ്റെടുക്കാത്തതും ഏറ്റെടുക്കുന്നത് സപ്ലൈകോ, എന്‍.എഫ്.എസ്.എ. ഗോഡൗണില്‍നിന്ന് റേഷന്‍കടകളിലെത്തിക്കാത്തതുമാണു കാരണം.
അരിയെത്തിക്കാന്‍ വൈകിയാല്‍ അടുത്തമാസത്തെ ഏതാനും ദിവസങ്ങള്‍കൂടി മുന്‍മാസത്തെ റേഷന്‍ നല്‍കിയിരുന്നു. എന്നാല്‍, മാസമാദ്യംതന്നെ അരിയെത്തിക്കുമെന്നു പ്രഖ്യാപിച്ച് ഇതു മാസങ്ങള്‍ക്കുമുന്‍പ് നിര്‍ത്തലാക്കി. അതിനുശേഷം കുറച്ചുകാലം കൃത്യമായി അരിയെത്തിയിരുന്നു. പിന്നീട് പഴയപടിയായി.