സുപ്രീം കോടതി വിധി; അഞ്ചു വർഷം മുമ്പ് റദ്ദ് ചെയ്ത റാങ്ക് ലിസ്റ്റിൽ നിന്ന് പി എസ് സി നിയമനം പുനരാരംഭിച്ചു
തിരുവനന്തപുരം: സുപ്രീംകോടതിയിൽനിന്ന് കനത്ത തിരിച്ചടിയേറ്റതിനെ തുടർന്ന് അഞ്ച് വർഷം മുമ്പ് റദ്ദാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമന ശിപാർശകൾ പി എസ് സി നൽകിത്തുടങ്ങി. 2016 ഡിസംബർ 30ന് റദ്ദാക്കിയ റാങ്ക് ലിസ്റ്റിൽനിന്ന് 913 പേർക്കാണ് ഉത്തരവിന്‍റെ ബലത്തിൽ പുതുതായി നിയമനം ലഭിക്കുക.
ഇരുന്നൂറോളം റാങ്ക് പട്ടികകളാണ് പി എസ് സി അന്ന് റദ്ദാക്കിയത്. കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ച 16 റാങ്ക് ലിസ്റ്റിൽ, 2016 ഡിസംബർ 31നും 2017 ജൂൺ 29നുമിടയിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത 12 റാങ്ക് ലിസ്റ്റുകളിൽ മാത്രമാണ് നിയമന ശിപാർശ നൽകുക. ഇതോടെ വിവിധ ജില്ലകളിലെ സ്റ്റാഫ് നേഴ്സ് ഗ്രേഡ് ടൂ, അസി സർജൻ, എച്ച് എസ് എസ് ടി ഇംഗ്ലീഷ്, യു പി എസ് എ, വാട്ടർ അതോറ്റി ഓവർസിയർ, കെ എസ് ഇ ബി മസ്ദൂർ, ഡ്രൈവർ ഗ്രേഡ് ടു, വാട്ടർ അതോറിറ്റി മീറ്റർ റീഡർ തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലുള്ളവർക്ക് വരും മാസങ്ങളിൽ നിയമന ശിപാർശ ലഭിക്കും. കാലാവധി കഴിയുന്ന റാങ്ക് പട്ടിക നീട്ടുന്നത് തങ്ങളുടെ വിവേചനാധികാരമാണെന്ന പി എസ് സി യുടെ വാദം തള്ളി, കഴിഞ്ഞ ഫെബ്രുവരി 15 നാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.
2016 ജൂൺ 30ന് റദ്ദാകാനിരുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി സർക്കാറിന്‍റെ ശിപാർശയുടെ അടിസ്ഥാനത്തിൽ 2016 ഡിസംബർ 30 വരെ നീട്ടിയിരുന്നു. പിന്നീട് സർക്കാർ രണ്ടാമത് നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ 2016 ഡിസംബർ 31 മുതൽ 2017 ജൂൺ 29 വരെയായി ആറുമാസം കൂടി നീട്ടി നൽകി. വിധിയുടെ അടിസ്ഥാനത്തിൽ മറ്റ് ഉദ്യോഗാർഥികൾ നൽകിയ ഹരജിയിൽ നാലരവർഷം കഴിയാത്ത എല്ലാ പട്ടികയിലുള്ളവർക്കും രണ്ടാമത് പട്ടിക നീട്ടാനെടുത്ത തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേരള ഹൈകോടതി വിധിച്ചു.
ഇതിനെതിരെ പി എസ് സി നൽകിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. പ്രത്യേക കാലയളവിലെ റാങ്ക് പട്ടികകൾ മാത്രം തെരഞ്ഞെടുത്ത് കാലാവധി നീട്ടുന്നത് വിവേചനപരവും അന്യായവുമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സർക്കാറിന്‍റെ നിർദേശപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്ന പി എസ് സി യുടെ വാദവും കോടതി അംഗീകരിച്ചില്ല. സർക്കാർ നിർദേശിച്ചാലും മനസ്സിരുത്തി പരിശോധിച്ച് നിയമപ്രകാരമുള്ള നടപടിയാണ് അതിൽ കമീഷൻ സ്വീകരിക്കേണ്ടതെന്നായിരുന്നു കോടതിയുടെ നിലപാട്. എതിരഭിപ്രായങ്ങൾ വകവെക്കാതെ ചെയർമാന്‍റെ നേതൃത്വത്തിൽ ഒരുവിഭാഗം സർക്കാർ നിർദേശം അംഗീകരിച്ചതാണ് തിരിച്ചടിയായതെന്ന് മുൻകമീഷൻ അംഗങ്ങൾ അഭിപ്രായപ്പെട്ടു.