സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിച്ചു
പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ്. ഇതേതുടര്‍ന്ന് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
അഞ്ചുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സുബൈറിന്റെ നീക്കങ്ങള്‍ ദിവസങ്ങളായി സംഘം നിരീക്ഷിച്ചതായാണ് വിവരം. അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നീളുന്നുണ്ട്. കൊലപാതകം രാഷ്ട്രീയ കാരണങ്ങളാലാണെന്ന സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
ഇന്ന് രാവിലെ പത്ത് മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിക്കും. ഉച്ചയോടെ വിലാപയാത്രയായി സ്വദേശമായ എലപ്പുള്ളി പാറയിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന് ശേഷം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. വിലാപയാത്ര കടന്നുപോകുന്ന വഴിയില്‍ ശക്തമായ പൊലീസ് സന്നാഹത്തെ വിന്യസിക്കും.