സുമിയിലെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ നിർത്തിവച്ചു
യുക്രെയ്ൻ നഗരമായ സുമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് നിർത്തിവച്ചു. ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ട പാതയിൽ ബോംബിംഗ് നടന്നതായുള്ള വിവരത്തെ തുടർന്നാണിത്. റഷ്യൻ സൈന്യം വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സുമിയിൽ നിന്നും വിദ്യാർത്ഥികളെ എത്രയും പെട്ടെന്ന് മാറ്റാനായിരുന്നു ഇന്ത്യൻ എംബസിയുടെ നീക്കം. ഇതിനു വേണ്ടി സുമിയിലേക്ക് എംബസി ഇടപെട്ട് ബസുകൾ എത്തിക്കുകയും വിദ്യാർത്ഥികൾ ബസിൽ കയറുകയും ചെയ്യുന്നതിനിടെയാണ് രക്ഷാദൗത്യം അടിയന്തരമായി നിർത്തിവയ്ക്കാൻ എംബസിയിൽ നിന്നും സ്ഥലത്തുണ്ടായിരുന്ന സ്റ്റുഡൻ്റ് ഏജൻ്റുമാർക്ക് നിർദേശം നൽകിയത്.
‘ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബസുകള്‍ പുറപ്പെടില്ല. വിദ്യാര്‍ഥികളോട് ഹോസ്റ്റലിലേക്ക് മടങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നു. മേഖലയില്‍ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായിട്ടുണ്ട്. തുടര്‍നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുക’, എന്നാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സന്ദേശം. വിദ്യാർഥികളെ ബസില്‍ കയറ്റിയ ശേഷമാണ് ഒഴിപ്പിക്കല്‍ നടപടി നിർത്തിവെക്കേണ്ടിവന്നത്.
പെൺകുട്ടികളെയാണ് ആദ്യഘട്ടത്തിൽ പുറത്ത് എത്തിക്കാൻ തീരുമാനിച്ചത്. ഇതിനായി പെൺകുട്ടികളെല്ലാം ബസുകൾക്ക് എത്തിയെങ്കിലും ഈ ബസുകൾ ഹോളണ്ട് അതിർത്തിയിലേക്ക് എത്തേണ്ട പാതയിൽ എവിടെയോ ഷെല്ലാക്രമണം നടന്നുവെന്ന വിവരത്തെ തുടർന്ന് രക്ഷാദൗത്യം നിർത്തിവെച്ചു.
സാധാരണക്കാർക്ക് രക്ഷപ്പെടാനായി പ്രധാന യുക്രൈൻ നഗരങ്ങളിൽ എല്ലാം റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. സുരക്ഷിത ഇടനാഴികൾ ഒരുക്കി ജനങ്ങളെ പുറത്തേക്ക് എത്തിക്കുമെന്നും റഷ്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. യുദ്ധം തുടങ്ങിയതോടെ വിവിധ യുക്രെയ്ൻ നഗരങ്ങളിൽ കുടുങ്ങി കിടക്കുന്ന ലക്ഷക്കണക്കിനാളുകൾക്ക് ഈ പ്രഖ്യാപനം പ്രതീക്ഷ നൽകിയിരുന്നു.
ഫ്രഞ്ച് പ്രസിഡൻ്റിന്റെ അടക്കമുള്ള ലോകനേതാക്കളുടെ അഭ്യർത്ഥനകൾ കണക്കിലെടുത്താണ് മൂന്നാംവട്ടവും വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചത്.
പരമാവധി സാധാരണക്കാരെ സുരക്ഷിത ഇടനാഴികൾ ഒരുക്കി പുറത്തേക്ക് പോകാൻ അനുവദിക്കുമെന്നായിരുന്നു റഷ്യൻ സൈന്യത്തിന്റെ പ്രഖ്യാപനം. കീവ് , കാർകീവ് , സുമി, മരിയോപോൾ നഗരങ്ങളിൽ ആണ് വെടി നിർത്തൽ. പരിമിതമായ വെടിനിർത്തൽ ആയിരിക്കുമെന്നും സാധരണക്കാർക്ക് രക്ഷപ്പെടാൻ ഒരവസരം കൂടി റഷ്യ നൽകുകയാണെന്നും റഷ്യൻ സൈനിക വക്താവ് പറഞ്ഞു.
വെടിനിർത്തൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം യുക്രയ്‌നാണെന്ന് റഷ്യ ആരോപിക്കുന്നു. എന്നാൽ പൊള്ളയായ വെടിനിർത്തൽ പ്രഖ്യാപനമാണ് റഷ്യയുടേത് എന്നാണ് യുക്രൈന്റെ വാദം.
ഇന്നത്തെ വെടിനിർത്തൽ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് സുമിയിൽ അടക്കം കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ കാണുന്നത്. മലയാളികൾ അടക്കം 600 ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോഴും സുമിയിൽ കുടുങ്ങി കിടക്കുകയാണ് എന്നാണ് കേന്ദ്ര സർക്കാരിന്റെ അനൗദ്യോഗിക കണക്ക്. ഈ വിദ്യാർത്ഥികളോട് യാത്രയ്ക്ക് തെയ്യാറായിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇന്നത്തെ വെടിനിർത്തൽ ഫലപ്രദമായാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രക്ഷാ മാർഗം ഒരുങ്ങും. അതേസമയം മരിയോപോളിൽ അടക്കം കുടുങ്ങി കിടക്കുന്ന ലക്ഷക്കണക്കിന് യുക്രെയ്ൻക്കാർ ഇടനാഴിയിലൂടെ നീങ്ങുന്നതോടെ പോളണ്ടിൽ അടക്കം അഭയാർത്ഥി പ്രവാഹം ഇനിയും ശക്തമാകും.