MAIN HEADLINES

സുമിയില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു തുടങ്ങി

കീവ്: യുക്രൈനില്‍ റഷ്യ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും മാനുഷിക ഇടനാഴി തുറക്കുകയും ചെയ്തതോടെ സുമിയില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സുമിയില്‍ കുടുങ്ങിയിരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു തുടങ്ങിയതായി റിപ്പോർട്ട്.

യുക്രൈന്റെ കൂടി സഹകരണത്തോടെയാണ് ഒഴിപ്പിക്കല്‍ നടക്കുന്നതെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശ വിദ്യാര്‍ഥികള്‍ അടക്കമുള്ള സാധാരണ ജനങ്ങളെ ഒഴിപ്പിക്കുന്നതിന് സുമി മുതല്‍ പോള്‍ട്ടോവ വരെ ഒരു മാനുഷിക ഇടനാഴി അനുവദിക്കുന്ന കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ റഷ്യ റഷ്യ ഉറച്ചുനില്‍ക്കണമെന്നും മനുഷ്യ ജീവന്‍ അപകടത്തിലാക്കുന്ന നടപടികളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും മാനുഷിക സഹായം ലഭ്യമാക്കണമെന്നും റഷ്യയോട് ആവശ്യപ്പെടുകയാണെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

യുദ്ധബാധിത പ്രദേശമായ സുമിയില്‍നിന്ന് 694 ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് ഒഴിപ്പിക്കുന്നത്. ഇതില്‍ പകുതിയോളം മലയാളികളാണെന്നാണ് സൂചന. സുമിയില്‍നിന്ന് മധ്യ യുക്രൈന്‍ നഗരമായ പോള്‍ട്ടാവയിലേക്കാണ് കുടുങ്ങിക്കിടക്കുന്നവരെ മാറ്റുന്നത്. വിദ്യാര്‍ഥികളെ ബസ്സില്‍ പോള്‍ട്ടാവയിലേക്ക് നീക്കിയതായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതിന് യുക്രൈന്‍ നഗരങ്ങള്‍ക്കിടയില്‍ മാനുഷിക ഇടനാഴി തുറക്കുമെന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി ചൊവ്വാഴ്ച രാവിലെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് യുക്രൈനുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button