Uncategorized

സെക്രട്ടേറിയറ്റ് നഗരഹൃദയത്തില്‍നിന്ന് മാറ്റുന്നതു സംബന്ധിച്ച് പഠിക്കാൻ അഞ്ചംഗസമിതിയെ നിയോഗിച്ചു

സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് നഗരഹൃദയത്തില്‍നിന്ന് മാറ്റുന്നതു സംബന്ധിച്ച് പഠിക്കാൻ അഞ്ചംഗസമിതിയെ നിയോഗിച്ചു. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തി ആണ് ചെയര്‍മാൻ. വി എസ് അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണപരിഷ്‌കാര കമ്മിഷന്‍ ഇതുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. 

ഭരണപരിഷ്‌കാര കമ്മിഷന്‍, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്, ശമ്പളപരിഷ്‌കരണ കമ്മിഷന്‍ തുടങ്ങിയവ സെക്രട്ടേറിയറ്റിലെ ഭരണനിര്‍വഹണം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. സെക്രട്ടേറിയറ്റിലെ അധികാരത്തട്ടുകള്‍ കുറയ്ക്കുക, സെക്രട്ടേറിയറ്റില്‍നിന്ന് ഡയറക്ടറേറ്റുകളിലേക്കുള്ള ഫയലുകള്‍ തത്തുല്യ തസ്തികയില്‍ മാത്രം കൈകാര്യംചെയ്യുക, സ്ഥാനക്കയറ്റത്തിന് ജോലിയിലെ മികവ് അടിസ്ഥാനമാക്കുക, ജോലിഭാരം പുനര്‍നിര്‍ണയിച്ച് ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടത്തുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ ഈ കമ്മിഷനുകള്‍ മുന്നോട്ടുവെച്ചിരുന്നു.

ഇവയെല്ലാം വിലയിരുത്തി ഉടനടി ചെയ്യേണ്ടത്, സമീപ ഭാവിയില്‍ ചെയ്യേണ്ടത്, കൂടുതല്‍ സമയമെടുത്ത് നടപ്പാക്കേണ്ടത് എന്നിങ്ങനെ തരംതിരിച്ച് ശുപാര്‍ശ നല്‍കാനാണ് സമിതിയോട് നിര്‍ദേശിച്ചത്. മൂന്നുമാസമാണ് കാലാവധി. മാനേജ്മെന്റ് ഉപദേശങ്ങള്‍ക്ക് കോഴിക്കോട്ടെ ഐ ഐ എമ്മിന്റെ സേവനം പ്രയോജനപ്പെടുത്തും.

2021 മാര്‍ച്ചിലാണ് സെക്രട്ടേറിയറ്റ് നഗരഹൃദയത്തില്‍നിന്ന് മാറ്റണമെന്ന ശുപാര്‍ശ ഭരണപരിഷ്‌കാര കമ്മിഷന്‍ മുന്നോട്ടുവെച്ചത്. പാളയത്തുനിന്ന് അഞ്ച് കിലോമീറ്ററെങ്കിലും അകലെയായിരിക്കണം പുതിയകെട്ടിടം. കൊച്ചുവേളി, കാര്യവട്ടം, പൂജപ്പുര തുടങ്ങിയ സ്ഥലങ്ങളും ഇതിനായി നിര്‍ദേശിച്ചിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button