കണ്ണൂർ സെൻട്രൽ ജയിലിൽ കുത്തിക്കവർച്ച. 1.94 ലക്ഷം രൂപ കൊള്ള ചെയ്തു. തോക്കേന്തിയ പാറാവുകാർ നിരന്തരം റോന്തു ചുറ്റുന്ന ഭക്ഷ്യ വില്പന യൂണിറ്റ് ഓഫീസിലാണ് കവർച്ച. വ്യാഴാഴ്ച ബാങ്കിൽ അടയ്ക്കാൻ വെച്ച തുകയാണ് നഷ്ടമായത്.
ജയിൽ വളപ്പിൽ നാടൻ നായ്ക്കളുടെ ഒരു സംഘം തന്നെ കുടിപാർക്കുന്നുണ്ട്. ഇന്ത്യാ റസർവ്വ് ബറ്റാലിയനു കീഴിലാണ് കാവലും സുരക്ഷയും. ഇതിനെല്ലാം ഇടയിലാണ് കവർച്ച നടന്നത്. ഇത്രയും ധൈര്യത്തിൽ ജയിൽ വളപ്പിൽ എങ്ങനെ മോഷ്ടാവ് എത്തി എന്ന അങ്കലാപ്പിലാണ് അധികാരികൾ.
ഊർജ്ജിതമായ അന്വേഷണം പുരോഗമിക്കയാണ്. ജയിലനികത്ത് നടന്ന മോഷണം അഭിമാന പ്രശ്നം തന്നെയായി മാറിയിരിക്കയാണ്. അത്രയും സൂക്ഷ്മമായി ജയിലിലെ വീഴ്ചകളും പാറാവും ഇടങ്ങളും എല്ലാം അറിയന്നവർക്കല്ലാതെ ഇവിടെ മോഷണം അസാധ്യമാണ്.
പൂട്ടു കുത്തി തുറന്നാണ് അഡ്മിൻ വിഭാഗം ഓഫീസിനകത്ത് സൂക്ഷിച്ച പണം കവർന്നത്. 10 മീറ്റർ ദൂരത്തിൽ പാറാവുകാരുണ്ട്. അത്രയും സൂക്ഷ്മമായി ഈ മോഷണം എങ്ങിനെ സാധ്യമാക്കി എന്നതും ആശ്ചര്യമായിരിക്കയാണ്.