സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു
ദേശീയ ജൂനിയര്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനു പോയി നാഗ്പുരില്‍ വെച്ച് മരണമടഞ്ഞ നിദ ഫാത്തിമ(10)യുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ആലപ്പുഴയില്‍ എത്തിക്കുകയായിരുന്നു. നിദ ഫാത്തിമ പഠിക്കുന്ന സ്‌കൂളായ ആലപ്പുഴ എസ് ഡി വി ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. മന്ത്രി പി പ്രസാദ്, എച്ച് സലാം എംഎല്‍എ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
നിദ ഫാത്തിമ ചികിത്സതേടിയ ശ്രീകൃഷ്ണ ആശുപത്രിയില്‍ ചികിത്സാപ്പിഴവുണ്ടായെന്നും സൈക്കിള്‍പോളോ സംഘാടകര്‍ താമസസൗകര്യം ഒരുക്കിയിരുന്നെങ്കില്‍ മകള്‍ മരിക്കില്ലായിരുന്നെന്നും പിതാവ് വ്യക്തമാക്കി. നിദയുടെ മരണകാരണം അജ്ഞാതമായി തുടരുകയാണ്.
സംഘത്തിലെ 29 പേരും ദോശയാണു കഴിച്ചത്.അതുകൊണ്ട് ഒരാള്‍ക്കുമാത്രം ഭക്ഷ്യവിഷബാധയുണ്ടായെന്ന വാദം കേരളസംഘം അംഗീകരിക്കുന്നില്ല. ആശുപത്രിയില്‍വെച്ച് കുത്തിവെപ്പെടുത്തതിനു ശേഷമാണ് ആരോഗ്യനില വഷളായതെന്ന് പരിശീലകനും ഷിഹാബുദ്ദീന്റെ അടുത്ത സുഹൃത്തുമായ ജിതിന്‍ പറഞ്ഞു. ഖബറടക്കം ശനിയാഴ്ച ഉച്ചകഴിഞ്ഞ് കാക്കാഴം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.
സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാന്‍ നിദ ഫാത്തിമയുടെ വീട് സന്ദര്‍ശിച്ചു. വിമാനത്താവളത്തില്‍നിന്ന് മൃതദേഹം അമ്പലപ്പുഴയിലെ വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തിയതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം. നാഗ്പുരിലെ ആശുപത്രിയിലും മൃതദേഹം കൊണ്ടുവരുന്നതിനും വേണ്ടിവരുന്ന ചെലവുകള്‍ വഹിക്കാന്‍ അഞ്ചുലക്ഷം രൂപ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി, കായികമന്ത്രി എന്നിവര്‍ക്ക് മന്ത്രി കത്തയച്ചു.