സ്‌കൂളുകളില്‍ മാനസികാരോഗ്യ ഉപദേശക സമിതി രൂപവത്ക്കരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ മാനസികാരോഗ്യ ഉപദേശക സമിതി രൂപവത്ക്കരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളും നിര്‍ദേശത്തിലുണ്ട്. സമ്മര്‍ദ്ദം ഉള്‍പ്പടെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
ആറു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികളില്‍ എന്‍സിഇആര്‍ടി നടത്തിയ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓരോ സ്‌കൂളുകളിലും രൂപീകരിക്കുന്ന മാനസികാരോഗ്യ ഉപദേശക സമിതിയുടെ അധ്യക്ഷന്‍ പ്രിന്‍സിപ്പലായിരിക്കണം. യോഗ പോലുള്ളവ കുട്ടികളെ പതിവായി പരിശീലിപ്പിക്കണം. എല്ലാമാസവും ഒരു പ്രത്യേക വിഷയം അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കുന്ന ആരോഗ്യമാസിക സ്‌കൂളുകള്‍ പുറത്തിറക്കണം. കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ തിരിച്ചറിയാന്‍ ബോധവത്ക്കരണം നല്‍കണം. ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ രക്ഷിതാക്കളുമായും സ്‌കൂള്‍ കൗണ്‍സിലര്‍മാരുമായും ചര്‍ച്ച ചെയ്ത് ഉചിത തീരുമാനമെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കുട്ടികളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും ഇടപെടുന്നതിനും അധ്യാപകര്‍ക്ക് സൈക്കോസോഷ്യല്‍ പ്രഥമശുശ്രൂഷയില്‍ പ്രത്യേക പരിശീലനം നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഉത്കണ്ഠ, ആശയവിനിമയ പ്രശ്‌നങ്ങള്‍, വിഷാദാവസ്ഥ, പഠനവൈകല്യങ്ങള്‍ തുടങ്ങിയവ തിരിച്ചറിയാനും പരിശീലനം നല്‍കണമെന്നും മന്ത്രാലയം വ്യക്തമാക്കി.