Uncategorized

സ്കൂൾ അദ്ധ്യാപക നിയമനം; സി പി എം അംഗങ്ങൾ ചേരിതിരിഞ്ഞ് സംഘർഷം, കൊയിലാണ്ടി നഗരസഭയിലെ കൊല്ലം ലോക്കലിൽ അച്ചടക്ക നടപടികളുമായി പാർട്ടി നേതൃത്വം

കൊയിലാണ്ടി: പാർട്ടി ലോക്കൽ കമ്മറ്റി അംഗവും കർഷകസംഘം ഏരിയാ കമ്മറ്റി അംഗവും,വ്യാപാരി വ്യവസായി സമിതി നേതാവും ഡ്രൈവിംഗ്സ്കൂൾ ഓണേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ കരിമ്പക്കൽ സുധാകരൻ, മറ്റ് രണ്ട് ലോക്കൽ കമ്മറ്റി അംഗങ്ങളായ തെക്കേട്ടിൽ ധർമ്മൻ, പാറപ്പുറത്ത് സിജീഷ്, പാർട്ടിയുടെ കൊടക്കാട്ടും മുറി ബ്രാഞ്ച് സെക്രട്ടറി പാറപ്പുറത്ത് അഭിലാഷ്, അദ്ധ്യാപക സംഘടനാ നേതാവും പാർട്ടി അംഗവുമായ നമ്പൂരികണ്ടി രാജഗോപാലൻ എന്നിവർക്കെതിരായാണ് അച്ചടക്ക നടപടി.

കരിമ്പക്കൽ സുധാകരൻ, സിജീഷ്, അഭിലാഷ് എന്നിവരെ മൂന്ന് മാസത്തേക്ക് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്യാനും തെക്കേട്ടിൽ ധർമ്മനേയും രാജഗോപാലനേയും താക്കീത് ചെയ്യാനുമുള്ള കൊല്ലം ലോക്കൽ കമ്മറ്റിയുടെ തീരുമാനം ഏരിയാ കമ്മറ്റിയുടെ ശിപാർശയോടെ ജില്ലാ കമ്മറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കയാണ്. പാർട്ടി ജില്ലാകമ്മറ്റി അംഗം കെ ദാസൻ, ഏരിയാ കമ്മറ്റി അംഗവും ഡി വൈ എഫ് ഐ നേതാവുമായ എൽ ജി ലിജീഷ് എന്നിവരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത ലോക്കൽ കമ്മറ്റി യോഗമാണ് അച്ചടക്ക നടപടികൾ കൈക്കൊണ്ടത്.

പുളിയഞ്ചേരി യു പി സ്കൂളിലെ പാറപ്പുറത്ത് ജീൻസി എന്ന അദ്ധ്യാപികയുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സംഘർഷങ്ങൾക്കും സമരങ്ങൾക്കുമൊടുവിൽ പാർട്ടി അച്ചടക്ക നടപടികളിൽ എത്തിനിൽക്കുന്നത്. ഇവരുടെ നിയമനം അംഗീകരിച്ച് കിട്ടാത്തതിന് പിന്നിൽ കരിമ്പക്കൽ സുധാകരനാണ് എന്നാണ് ആക്ഷേപം. പുളിയഞ്ചേരി യുപി സ്കൂളിൽ കോവിഡിന് തൊട്ടുമുമ്പാണ് പാറപ്പുറത്ത് ജീൻസിയെ അദ്ധ്യാപികയായി നിയമിച്ചത്. കോവിഡിനെത്തുടർന്ന് സ്കൂൾ അടച്ചതോടെ നിയമനം, വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച് നൽകുന്നതിന് തടസ്സങ്ങളുണ്ടായി. അന്ന് മാനേജരായിരുന്ന ശ്യംനിവാസിൽ സുകുമാരൻ ആണ് പണം കൈപ്പറ്റുകയും നിയമനം നടത്തുകയും ചെയ്തത്. സി പി എം പ്രവർത്തകനും നഗരസഭാ കൗൺസിലറുമായിരുന്ന ഇദ്ദേഹം 2021 മരണപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ തമ്മിൽ മാനേജർ പദവിക്കായി തർക്കങ്ങൾ ഉടലെടുത്തു. ഇതുമായി ബന്ധപ്പെട്ട കേസ്സുകൾ ഇപ്പോൾ സുപ്രീംകോടതിയിൽ നടന്നുവരികയാണ്. സുകുമാരന്റെ സഹോദരപുത്രനായ ഒരാൾക്ക് മാനേജർ പദവി ലഭിക്കുമെന്നും അങ്ങിനെ സംഭവിച്ചാൽ പാർട്ടി ഏരിയാ കമ്മറ്റി അംഗത്തിന്റെ ഭാര്യക്കും ജില്ലാ കമ്മറ്റി അംഗത്തിന്റെ മകൾക്കും നിയമനം നൽകാൻ ധാരണ ഉണ്ടായിരുന്നതായി പറയുന്നു. മരണപ്പെട്ട മാനേജർ സുകുമാരന്റെ മകളുടെ ഭർത്താവാണ് ലോക്കൽ കമ്മറ്റി അംഗമായ കരിമ്പക്കൽ സുധാകരൻ. കൊടക്കാട്ടും മുറി ബ്രാഞ്ച് സെക്രട്ടറിയായ അഭിലാഷിന്റെ ജ്യേഷ്ഠസഹോദരന്റെ ഭാര്യയാണ് നിയമനം പ്രതീക്ഷിക്കുന്ന അധ്യാപിക. 

ജൂൺ മാസം 19 ന് പാർട്ടി ബ്രാഞ്ച് സെക്രട്ടറി അഭിലാഷിന്റെ നേതൃത്വത്തിൽ ഏതാനും പേർ സുധാകരന്റെ വീട്ടിലെത്തി ബഹളം വെച്ചിരുന്നു. സുധാകരൻ വിവരം ലോക്കൽ സെക്രട്ടറി എൻ കെ ഭാസ്കരനെ അറിയിച്ചെങ്കിലും ഇദ്ദേഹം ഒരിടപെടലും നടത്തിയില്ലെന്ന് പറയുന്നു. തുടർന്ന് ഇതേ സംഘം സുകുമാരന്റെ മകൻ ശ്യാം താമസിക്കുന്ന വീട്ടിലെത്തിയും പ്രശ്നങ്ങളുണ്ടാക്കി. ഇദ്ദേഹം പോലീസിൽ പരാതി നൽകി. തുടർന്നുള്ള ദിവസങ്ങളിലും ടിപ്പർ ലോറിയുമായി കരിമ്പക്കൽ സുധാകരന്റെ വീട്ടിലെത്തിയ സംഘം ബഹളം വെക്കുകയും സമരം നടത്തുകയും ചെയ്തു. ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രനെ വിവരം അറിയിച്ചപ്പോൾ പരാതിനൽകാൻ അദ്ദേഹം നിർദ്ദേശിച്ചതായി  പറയുന്നു. സുധാകരന്റെ പരാതിയെത്തുടർന്ന് പോലീസെത്തി ടിപ്പർ കസ്റ്റഡിയിലെടുക്കുകയും വീട്ടിൽ ബഹളം വെച്ചതിന് കേസ്സെടുക്കുകയും ചെയ്തിരുന്നു.

പാറപ്പുറത്ത് സിജീഷ്, പാറപ്പുറത്ത് അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. കരിമ്പക്കൽ സുധാകരൻ, സിജീഷ്, അഭിലാഷ് എന്നിവരെ മൂന്ന് മാസത്തേക്ക് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്യാനും തെക്കേട്ടിൽ ധർമ്മനേയും നമ്പൂരി കണ്ടി രാജഗോപാലനേയും താക്കീത് ചെയ്യാനുമുള്ള കൊല്ലം ലോക്കൽ കമ്മറ്റിയുടെ തീരുമാനം ഏരിയാ കമ്മറ്റിയുടെ ശിപാർശയോടെ ജില്ലാ കമ്മറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കയാണ്.

പരാതിക്കാരായ തങ്ങൾക്കെതിരെ അച്ചടക്ക നടപടി നീതീകരിക്കാനാവാത്തതാണ് എന്ന് ചൂണ്ടിക്കാട്ടി ലോക്കൽ കമ്മറ്റി അംഗങ്ങളായ സുധാകരനും ധർമ്മനും പാർട്ടി ജില്ലാ കമ്മറ്റിക്ക് അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. അക്രമത്തിനിരയായ സുധാകരനും അക്രമത്തിന് നേതൃത്വം നൽകിയവർക്കും ഒരേ ശിക്ഷ നൽകിയ പാർട്ടി നടപടി  പ്രവർത്തകർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടാക്കിയിട്ടുണ്ട്.

സുധാകരന്റെ നേതൃത്വത്തിലുള്ള ഇടപെടലാണ് ഇദ്ദേഹത്തിന്റെ സഹോദരപുതന് മാനേജർ സ്ഥാനം നഷ്ടമാക്കിയത് എന്ന് പാർട്ടിയിൽ ഒരു വിഭാഗം കരുതുന്നു. ഇയാളുടെ ഇടപെടൽ നിമിത്തം എ ഇ ഒ വിന് താൽക്കാലിക മാനേജരുടെ ചുമതല ഹൈക്കോടതി നൽകിയിട്ടുണ്ട്. ഇതോടെ ജീൻസിയുടെ നിയമനത്തിന് എ ഇ ഒ അംഗീകാരം നൽകി സർക്കാരിലേക്ക് സമർപ്പിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button