സ്കൂൾ അവധിയും ആഘോഷങ്ങളും ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ
കോഴിക്കോട്: കേരളത്തിലെയും ഗൾഫിലെയും സ്കൂൾ അവധിയും വിഷു, പെരുന്നാൾ ആഘോഷങ്ങളും ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വർധിപ്പിച്ച് വിമാന കമ്പനികളുടെ കൊള്ള. മേയ് അവസാനം വരെ ഉയർന്ന നിരക്കാണ്.
ദുബായ്-കേരള സെക്ടറിൽ ശരാശരി 10,000 രൂപയ്ക്കുള്ളിൽ ലഭിച്ചിരുന്ന ടിക്കറ്റുകളുടെ നിരക്കിപ്പോൾ 30,000 രൂപ വരെയായി. മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും സമാനമായ വർധനവുണ്ട്.താരതമ്യേനെ ടിക്കറ്റ് നിരക്ക് കുറവുള്ള എയർ ഇന്ത്യ വേനൽകാല ഷെഡ്യൂളിന്റെ ഭാഗമായി കോഴിക്കോട്ടേക്കുള്ള ദുബായ്, ഷാർജ സർവീസുകൾ ഇന്നലെ മുതൽ അവസാനിപ്പിച്ചത് പ്രതിസന്ധി വർധിപ്പിക്കും.
256 പേർക്ക് സഞ്ചരിക്കാവുന്ന ദുബായ്-കൊച്ചി ഡ്രീംലൈനർ സർവീസ് മാർച്ച് 10ന് അവസാനിപ്പിച്ച് പകരം 170 പേർക്ക് സഞ്ചരിക്കാവുന്ന ചെറിയ വിമാനമാണ് ഏർപ്പെടുത്തിയത്. എയർഇന്ത്യയുടെ റൂട്ടുകളിൽ എയർഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുമെങ്കിലും സീറ്റുകളുടെ കുറവ് പരിഹരിക്കപ്പെടില്ല.