സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിൽ കെടുകാര്യസ്ഥത കാണിച്ച സംസ്ഥാന സർക്കാരിനെ ഹൈക്കോടതി വിമർശനം
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിൽ കെടുകാര്യസ്ഥത കാണിച്ച സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേന്ദ്രസർക്കാർ അധികഭാരം അടിച്ചേൽപ്പിക്കുന്നുവെന്ന് തോന്നുകയാണെങ്കിൽ സ്‌കീം നിർത്തൂ എന്ന് സംസ്ഥാന സർക്കാരിനോട് കോടതി പറഞ്ഞു.
‘ഒന്നുകിൽ ഉച്ചഭക്ഷണം പദ്ധതിയുടെ തുക നൽകുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കുക, അതല്ലെങ്കിൽ പദ്ധതി നടത്തിപ്പ് കേന്ദ്ര സർക്കാരിന് വിട്ടുകൊടുത്ത് മാറി നിൽക്കുക’ എന്നായിരുന്നു കോടതിയുടെ വാക്കുകൾ. ജസ്റ്റിസ് ടി ആർ രവികുമാറാണ് വിമർശിച്ചത്.
കേന്ദ്രവിഹിതം ലഭിച്ചില്ലെങ്കിൽ തുക നൽകില്ലെന്നാണോ പറയുന്നതെന്നും സർക്കാരിനോട് കോടതി ചോദിച്ചു. 2012-ലെ സർക്കാർ ഉത്തരവ് പ്രകാരം പ്രധാനാദ്ധ്യാപകർക്ക് മുൻകൂർ തുക നൽകണം. സർക്കാർ ബജറ്റ് ചെയ്തിരിക്കുന്ന തുകയിൽ നിന്ന് ഇത് നൽകേണ്ടതാണെന്നും കോടതി പറഞ്ഞു. വിഷയം അടുത്ത തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.