സ്‌കൂൾ തുറക്കൽ: നടപടികൾ 27ന് പൂർത്തിയാക്കണം; നവംബർ 1ന് സ്‌കൂൾതല പ്രവേശനോത്സവം
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്‌ടോബർ 27ന് മാർഗരേഖ പ്രകാരമുള്ള നടപടികൾ പൂർത്തികരിക്കുമെന്ന് ഹെഡ്‌മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം ഉറപ്പുവരുത്തി എഇഒ, ഡിഇഒ വഴി റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കേണ്ടതാണ്.
ഒന്നര കൊല്ലത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകൾ പൂർണ്ണമായി ശുചീകരിച്ചുവെന്നും ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ല എന്നും ഉറപ്പു വരുത്തണം. സ്‌കൂളുകളിൽ സാനിറ്റൈസർ, തെർമൽ സ്‌കാനർ, ഓക്‌സിമീറ്റർ എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അധ്യാപകർക്ക് ഓരോ ക്ലാസിന്റെയും ചുമതല നൽകണം.
27ന് പിടിഎ യോഗം ചേർന്ന് ക്രമീകരണം വിലയിരുത്തണം. യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ പങ്കെടുപ്പിക്കണം. ഉച്ചഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല നിശ്ചയിക്കണം.
കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്നു കൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. ഒരു സ്‌കൂളിൽ ഒരു ഡോക്‌ടറുടെ സേവനം എങ്കിലും ഉറപ്പുവരുത്തണം.