സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം- ജില്ലാ കലക്ടര്‍
മദ്യത്തിന്റെ ലഭ്യത നിലച്ചുപോയതിനാല്‍ മദ്യത്തിന് അടിമകളായ അപൂര്‍വ്വം ചിലര്‍ക്കെങ്കിലും ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അത്തരക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടറുടെ അഭ്യര്‍ഥന. ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയാല്‍ മതിയാകും. അപസ്മാരം, സ്ഥലകാലബോധമില്ലാതാവുക, മിഥ്യാ ധാരണകള്‍, വിഭ്രാന്തി, ആത്മഹത്യ പ്രവണത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികള്‍ ഡീ അഡിക്ഷന്‍ സംവിധാനങ്ങളുള്ള താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സ തേടണം.
ലഹരിക്കായി മറ്റേതെങ്കിലും മാര്‍ഗ്ഗം ഒരിക്കലും തിരഞ്ഞെടുക്കരുത്, ഈ അവസ്ഥയില്‍ മറ്റൊരു അപകടം കൂടി ക്ഷണിച്ചു വരുത്തുന്നതാകും അതെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. എ.ഡി.എം ന്റെ നേതൃത്വത്തില്‍ എക്‌സൈസ്, ആരോഗ്യം, പോലീസ് എന്നിവരടങ്ങുന്ന ജില്ലാ വിമുക്തി സെല്‍ രൂപീകരിച്ചിട്ടുണ്ട്.
താലൂക്ക് ഡി അഡിക്ഷന്‍ സെന്ററുകളിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യേണ്ടത്, വേണ്ടിവന്നാല്‍ റഫറലുകളായ ബീച്ച് ഹോസ്പിറ്റലിലെ ഡിഅഡിക്ഷന്‍ സെന്റര്‍, മാനസിക ആശുപത്രിയിലെ ഡി അഡിക്ഷന്‍ സെന്റര്‍ തുടങ്ങിയവയെ സമീപിക്കാം.
ജില്ലാ വിമുക്തി 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുമായോ (9495002270), വിമുക്തി ടോള്‍ ഫ്രീ നമ്പര്‍: 1056 മായോ ബന്ധപ്പെടാവുന്നതാണ്.