സ്ലീപ്പർ ട്രെയിനിന്റെ കോച്ചിൽ നിൽക്കുകയായിരുന്നതിലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്ന് ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ട മലയാളികൾ
സ്ലീപ്പർ ട്രെയിനിന്റെ കോച്ചിൽ നിൽക്കുകയായിരുന്നതിലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്ന് ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ട മലയാളികൾ. കൊൽക്കത്തയിൽ നിന്നും കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിൽ നാട്ടിലേക്ക് തിരിക്കുകയായിരുന്നു അന്തിക്കാട് സ്വദേശികളായ കണ്ടശാങ്കടവ് സ്വദേശികളായ കിരൺ, വിജേഷ്, വൈശാഖ്, രഘു എന്നിവർ.
ഒരു ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾക്ക് വേണ്ടി കൊൽക്കത്തയിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് ഇവർ അപകടത്തിൽപ്പെട്ടത്. നാലുപേരുടെയും പരിക്ക് സാരമുള്ളതല്ല. അന്തിക്കാട് സ്വദേശികളായ എട്ടുപേരാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കൊൽക്കത്തയിലേക്ക് പോയിരുന്നത്. ഇതിൽ കരാറുകാരൻ ഉൾപ്പെടെ നാലുപേർ കഴിഞ്ഞ ദിവസം അന്തിക്കാട് തിരികെയെത്തിയിരുന്നു. ബാക്കി നാലു പേർ ഇന്ന് ട്രെയിനിൽ തിരികെ വരുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്.
ബാലസോറിൽ വെച്ച് അപകടമുണ്ടായി. രണ്ട് വട്ടം ട്രെയിൻ ഇടത്തേക്ക് മറിഞ്ഞുവെന്ന് പരിക്കേറ്റ അന്തിക്കാട് സ്വദേശി കിരൺ പറഞ്ഞു. കോച്ചിൽ ഒപ്പം യാത്ര ചെയ്ത ആളുകളിൽ പലരും മരിച്ചു. നിൽക്കുകയായിരുന്നത് കൊണ്ട് മാത്രമാണ് ഞങ്ങൾ രക്ഷപ്പെട്ടത്. അപകടത്തിന് ശേഷം എമർജൻസി വാതിൽ പൊളിച്ചാണ് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. ഞങ്ങളിൽ ഒരാളുടെ പല്ല് പോയി. നടുവിനും തലയ്ക്കും പരിക്കേറ്റു. അപകടത്തിന് ശേഷം ഒരു വീട്ടിൽ അഭയം തേടി. അതിന് ശേഷം ആശുപത്രിയിലെത്തി അഡ്മിറ്റായെന്നും രക്ഷപ്പെട്ട കിരൺ വ്യക്തമാക്കി.