സ്വകാര്യ ലോഡ്ജിൽ മക്കളെ കൊന്ന് പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്
ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ പെൺമക്കളെ കൊന്ന് പിതാവ് ചന്ദ്രശേഖരൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ചന്ദ്രശേഖരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
വയനാട് സ്വദേശിയായ ചന്ദ്രശേഖരന്റെ രണ്ടാം ഭാര്യയിലെ മക്കളാണ് മരിച്ച ശിവനന്ദനയും (12), ദേവനന്ദനയും (9) . ഇരുവരും മമ്മിയൂർ ലിറ്റിർഫ്ളവർ കോൺവെന്റിലെ വിദ്യാർത്ഥിനികളാണ്. ആദ്യ ഭാര്യയിൽ കുട്ടികളില്ലാത്തതിനാൽ ഇയാൾ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ രണ്ടാം ഭാര്യ 20 ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. 10 വർഷത്തോളമായി ഇവർ ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലുമായി വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇന്നലെരാത്രി 11 മണിയോടെയാണ് ഇവർ ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തത്. ഇതിന് ശേഷം ചന്ദ്രശേഖരൻ മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് കരുതുന്നത്.
മുറി ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ വാതിലിൽ തട്ടിയിട്ടും പ്രതികരണമുണ്ടായില്ല.തുടർന്ന് ജീവനക്കാർ ടെമ്പിൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ചന്ദ്രശേഖരൻ വിഷം കഴിച്ച ശേഷം കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. ദേവനന്ദന ഫാനിൽ തൂങ്ങിയ നിലയിലും ശിവനന്ദന കിടക്കയിൽ കിടക്കുന്ന നിലയിലുമായിരുന്നു.ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ച ചന്ദ്രശേഖരൻ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഇവർ വന്ന കാർ പോലീസ് കസ്റ്റഡിയിലാണ്.