KERALAMAIN HEADLINES

സ്വന്തം കേസ് സ്വയം വാദിച്ച് ലൂസി കളപ്പുരയ്ക്കൽ

മഠത്തിൽ താമസിക്കാൻ സംരക്ഷണം ആവശ്യപ്പെട്ട് സിസ്‌റ്റർ ലൂസി കളപ്പുരയ്‌‌ക്കൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സ്വയം വാദിച്ചു. ബുധനാഴ്‌ച ജസ്‌റ്റിസ്‌ രാജ വിജയരാഘവന്റെ ബഞ്ചിലാണ്‌ കേസ്‌ പരിഗണിച്ചത്‌. കേസ്‌ വിധിപറയാൻ മറ്റൊരു ദിവസത്തേക്ക്‌ മാറ്റി. തനിക്കുവേണ്ടി അഭിഭാഷകർ ആരും ഹാജരാകാതെ വന്നതിനാലാണ്‌ സിസ്‌റ്റർ ലൂസി സ്വയം കേസ്‌ വാദിക്കാൻ തീരുമാനിച്ചത്‌.

25 വർഷമായി  സന്യാസിനിയായി തുടരുന്നു. അതിനാൽ സേവനം പൂർത്തിയാക്കാൻ അനുവദിയ്‌ക്കണമെന്ന് സിസ്റ്റർ ലൂസി കളപ്പുര വാദിച്ചു. പോകാൻ മറ്റൊരു സ്ഥലവുമില്ല, സിവിൽ കോടതിയിൽ ഫയൽ ചെയ്‌തിരിക്കുന്ന കേസിൽ അന്തിമവിധിയുണ്ടാവുന്നതുവരെ മഠത്തിൽ കഴിയാൻ അനുവദിയ്‌ക്കണമെന്നും ലൂസി  വാദിച്ചു.

വത്തിക്കാനിൽ നിന്നുള്ള ഉത്തരവനുസരിച്ച്  ലൂസി കളപ്പുരയ്ക്ക് മഠത്തിൽ തങ്ങാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മഠത്തിനുള്ളിൽ താമസിയ്ക്കുമ്പോൾ സുരക്ഷ നൽകാനാവില്ല. മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും  സുരക്ഷ നൽകാൻ പൊലീസിന് നിർദ്ദേശം നൽകാമെന്ന്‌ കോടതി പറഞ്ഞു. മഠത്തിൽ നിന്ന് പുറത്താക്കിയ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ രണ്ട് അപ്പീലുകളും വത്തിയ്ക്കാൻ തള്ളിയതായി കോടതി ചൂണ്ടിക്കാട്ടി. എന്നാൽ സഭാ ചട്ടങ്ങളനുസരിച്ച് മൂന്നാമത് അപ്പീലും വ്യവസ്ഥയുണ്ട്. ഇതിനുള്ള അവസരം നൽകണമെന്നും സിസ്റ്റർ ലൂസി വാദിച്ചു.

സിസ്റ്റർ വിഡിയോ കോൺഫറൻസിലൂടെ നേരിട്ട് ഹാജരായി മഠത്തിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു. വയനാട് ജില്ലയിലെ വെള്ളമുണ്ട പൊലീസ് സ്റ്റേഷൾ പരിധിയിലുള്ള കോൺവൻറിൽ അന്തേവാസിയായ സിസ്‌റ്ററിന്‌ പൊലീസ് സംരക്ഷണം നൽകി വരുന്നതായും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു.

കോൺവെൻറിൽ നിന്നും പുറത്താക്കിയാൽ തന്നെപ്പോലെ മറ്റ് പല കന്യാസ്‌ത്രീകളും തെരുവിലെറിയപ്പെടുമെന്നും തനിക്ക് പോകാൻ മറ്റ് സ്ഥലമില്ലെന്നും അവർ ബോധിപ്പിച്ചു. രണ്ടരവർഷമായി സന്യാസ സഭയിൽ നിന്ന് പുറത്താക്കാൻ ഉള്ള ശ്രമം നടക്കുന്നു. സിവിൽ കോടതിയിൽ നിന്ന് അനുകൂലമായ ഉത്തരവുണ്ട്. തനിക്ക് സന്യാസം പൂർത്തിയാക്കണമെന്നും കോൺവെൻ്റ് അല്ലാതെ മറ്റു താമസ മാർഗങ്ങൾ ഇല്ലന്നും സിസ്റ്റർ വിശദീകരിച്ചു.

കോൺവെൻ്റിൽ നിന്ന് മാറണമെന്നും, അല്ലാതെ സംരക്ഷണം നൽകാനാവില്ലെന്നും, കോൺവെൻറിൽ അല്ലാതെ ജീവനും സ്വത്തിനും സംരക്ഷണം നൽകാമെന്നും കോടതി പറഞ്ഞു. സംരക്ഷണം പിൻവലിച്ചാലും കഴപ്പമില്ല, കോൺവെൻറിൽ നിന്ന് പുറത്ത് പോകാൻ പറയരുതെന്ന് സിസ്റ്റർ ലൂസി ആവശ്യപ്പെട്ടപ്പോൾ  കോൺവെൻ്റിൽ നിന്ന് മാറുന്നതാണ്  സംരക്ഷണത്തിന് നല്ലതെന്നും കോൺവെൻ്റിൽ താമസിച്ചാൽ ലൂസിക്ക് തന്നെയാണ് ബുദ്ധിമുട്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

തിങ്കളാഴ്ച കോൺവെൻറ് വിട്ട ഹർജിക്കാരി എവിടെ താമസിച്ചു എന്ന് വ്യക്തമല്ലെന്നും വിശദീകരിക്കണമെന്നും എതിർഭാഗം ആവശ്യപ്പെട്ടു. കേസ് ആവശ്യത്തിന് വേണ്ടിയാണ് കോൺവെൻ്റിൽ നിന്ന് മാറിയതെന്ന് സിസ്റ്റർ വ്യക്തമാക്കി. പന്ത്രണ്ട് മണിക്കൂർ ബസ് യാത്ര ചെയ്‌താണ് ഹൈക്കോടതിയിൽ എത്തിയതെന്നും സിസ്റ്റർ ലൂസി ബോധിപ്പിച്ചു.

ഒരു ആശ്രമത്തിൽ നിന്ന് മറ്റോരു ആശ്രമത്തിലേക്ക് മാത്രമേ മാറാൻ പാടുള്ളൂ എന്ന് മദർ സുപ്പീരിയർ ചൂണ്ടിക്കാട്ടി. സന്യാസജീവിതം തുടരാൻ കോൺവൻറിൽ കഴിഞ്ഞേ മതിയാവൂ എന്നും പുറത്തു പോവാൻ കഴിയില്ലന്നും അവർ അറിയിച്ചു. തിങ്കളാഴ്‌ച‌യും ചൊവ്വാഴ്‌ചയും എവിടെ താമസിച്ചു എന്ന് ലൂസി പറഞ്ഞില്ലന്നും എതിർ ഭാഗം ആരോപിച്ചു.

പുതിയതായി താമസിക്കാൻ പോകുന്ന സ്ഥലം എവിടെ എന്ന് വ്യക്തമാക്കുകയാണെങ്കിൽ സംരക്ഷണം നൽകാമെന്ന് കോടതി വ്യക്തമാക്കി. ലൂസി എവിടെ താമസിക്കുന്നു എന്നതനുസരിച്ച് സംരക്ഷണം  നൽകാൻ തയ്യാറാണന്ന് സർക്കാരും അറിയിച്ചു.കേസ് വിധി പറയാൻ മാറ്റി

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button