CALICUT
സ്വപ്‌നം വിരുന്നെത്തി
കുറ്റ്യാടി :പ്രളയത്തിൽ ഒഴുകിപ്പോയതെല്ലാം അതിജീവനത്തിന്റെ പൂക്കളായി തിരികെയെത്തിയതിന്റെ ആഹ്ലാദത്തിലാണ് സിബിയും കുടുംബവും. സമ്പാദ്യമെല്ലാം പുഴ കവർന്നപ്പോൾ കെയർ ഹോം പദ്ധതിയിൽ നിർമിച്ചു നൽകിയ പുതിയ വീട്ടിൽ സിബി ഇത്തവണ ഓണം ആഘോഷിക്കും.
“ശരിക്കും എന്റെ കുടുംബത്തിന് ആഹ്ലാദത്തിന്റെ ഓണക്കാലമൊരുക്കിതിൽ ഏറെ നന്ദിയുണ്ട്’ –- സിബി പറയുന്നു. 2018 ആഗസ്ത് ഒമ്പതിനാണ് കുറ്റ്യാടിപ്പുഴയുടെ കൈവഴിയായ കടന്തറപ്പുഴ കരകവിഞ്ഞ് ഗതിമാറി ഒഴുകിയത്. ആ കുത്തിയൊഴുക്കിൽ മരുതോങ്കര ചീനവേലി ജാനകിക്കാടിലെ നിരവിൽ സിബിയുടെ വീടും സ്ഥലവും പുഴ കവർന്നു. മക്കളായ സനലക്ഷ്‌മിയെയും സൂര്യയെയുംകൊണ്ട് സിബിയും ഭാര്യ അനുവും രക്ഷപ്പെടുകയായിരുന്നു.
പഞ്ചായത്ത് ഒരുക്കിയ നെല്ലിക്കുന്ന് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ദിവസങ്ങളോളം. പറക്കമുറ്റാത്ത മക്കളെയുംകൊണ്ട് ഇനിയെങ്ങോട്ട് പോകും എന്നായിരുന്നു മനസ്സുനിറയെ. ജീവിതം വഴിമുട്ടുമ്പോഴാണ് കെയർഹോം പദ്ധതിയിൽ വീട് നിർമിച്ചു നൽകുന്നതിൽ സിബിയും ഉൾപ്പെട്ടത്.
ഉണ്ടായിരുന്ന അഞ്ചു സെന്റ് ഭൂമി പുഴയെടുത്തു. എവിടെ വീട് നിർമിക്കുമെന്ന ചോദ്യത്തിന് മറുപടിയായി പാർടി പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടുകാരുടെ സഹായത്തോടെ സിബിക്ക് വീടുവെയ്‌ക്കാനുള്ള സ്ഥലം നെടുവാലിൽ വിലയ്‌ക്കു വാങ്ങി.
ചോറോട് സർവീസ് സഹകരണ ബാങ്ക് വീട് നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി ബാബുരാജ് ചെയർമാനും ഒ എൻ മിഥുൻ കൺവീനറുമായുള്ള നിർമാണ കമ്മിറ്റി ബാങ്കിന്റെ സഹായത്തോടെ സമയബന്ധിതമായി വീട് നിർമാണം പൂർത്തീകരിച്ച് 2019- മാർച്ച് പത്തിന് സിബിയുടെ കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറി. കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നിർമിച്ച 44 വീടുകളിൽ ആദ്യത്തെ വീടായിരുന്നു സിബിയുടേത്.
Comments