സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടി
സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടി. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പാസും ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പൊലീസ് പറയുന്നത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സമ്മേളന ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയിരിക്കുന്നത്.
അതേസമയം സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ വിജിലൻസ് മേധാവിയെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാരിന്റെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാരിന്റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഇന്നലെ രാത്രി തമിഴ്നാട്ടിലെത്തി.ഫോണില്‍ നിന്ന് ഡിലീറ്റ് ആയ വീഡിയോ തിരിച്ചെടുക്കാനാണ് പോയതെന്നും നാളെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ഇബ്രാഹിം പറഞ്ഞു. സ്വപ്നയുമായുള്ള ചര്‍ച്ചയാണ് വീഡിയോയിലുള്ളത്. അറസ്റ്റില്‍ ഭയമില്ല, നാളെ കൊച്ചിയിലെത്തുമെന്നും ഇബ്രാഹിം പറഞ്ഞു.
സ്വപ്ന സുരേഷ് പുറത്ത് വിട്ട ഓഡിയോ സംഭാഷണത്തിൽ കാര്യമായി ഒന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കുമ്പോഴും മുഖ്യമന്ത്രിയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കും എതിരെ വലിയ ആരോപണമുന്നയിച്ച ഷാജ് കിരണിനെതിരെ എന്തുകൊണ്ട് ഒരു നടപടിയുമുണ്ടായില്ലെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. എന്നാൽ പരാതിയില്ലാതെ നടപടി വേണ്ടെന്നാണ് പൊലീസ് തീരുമാനം.