LOCAL NEWS

സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇർഷാദിൻ്റെ കൊലപാതകത്തിനും ആളുമാറി മൃതദേഹം സംസ്കരിച്ച സംഭവത്തിനും ഇടവരുത്തിയത് പൊലീസിൻ്റെ കുറ്റകരമായ അനാസ്ഥയാണെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ്

പേരാമ്പ്ര: സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇർഷാദിൻ്റെ കൊലപാതകത്തിനും ആളുമാറി മൃതദേഹം സംസ്കരിച്ച സംഭവത്തിനും ഇടവരുത്തിയത് പൊലീസിൻ്റെ കുറ്റകരമായ അനാസ്ഥയാണെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്വർണക്കടത്തു സംഘം ഇർഷാദിനെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ഫോട്ടോ സഹിതം മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.പക്ഷെ പൊലീസ് തികഞ്ഞ നിസ്സംഗത പുലർത്തി. പ്രതികളുടെ പേരുവിവരം ഉൾപെടെ കൃത്യമായ സൂചനകൾ ലഭിച്ചിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണുണ്ടായത്. സ്വർണക്കടത്തു സംഘത്തിൽ നിന്ന് ഇർഷാദിൻ്റെ കുടുംബം നിരന്തരം ഭീഷണി’ നേരിടുകയും ചെയ്യുന്നു. ഇർഷാദ് പുഴയിൽ വീണു മരിക്കില്ലെന്നും അവന് നീന്തൽ നന്നായി വശമുണ്ടെന്നും പിതാവ് തറപ്പിച്ചു പറയുന്നു. തിക്കോടി കോടിക്കൽ കടപ്പുറത്തു കണ്ടെത്തിയ ജഢം ദീപകിൻ്റേതാണെന്ന് വരുത്തി തീർക്കാൻ പൊലീസ് വ്യഗ്രത കാട്ടി.ജഡം ദീപകിൻ്റെതാണെന്ന് അമ്മ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനു മുമ്പ് പല തവണ വീടു വിട്ടു പോയ ആൾ കൂടിയാണ് ദീപക്. മൃതദേഹം ദീപകിൻ്റെ കുടുംബത്തിന് വിട്ടുകൊടുക്കാൻ പൊലീസ് കാണിച്ച അനാവശ്യ ധൃതി സംശയമുണർത്തുന്നു.24 മണിക്കൂറിനകം ലഭ്യമാവുന്ന ഡി.എൻ.എ ടെസ്റ്റിന് കാത്തു നിൽക്കാതെ മൃതദേഹം സംസ്കരിക്കാൻ ഒത്താശ ചെയ്ത പൊലീസ് നടപടി പ്രതിഷേധാർഹമാണ്.

ഇർഷാദിൻ്റെ കുടുംബത്തിന് തങ്ങളുടെ മകനെ മതാചാരപ്രകാരം സംസ്കരിക്കാനുള്ള അവകാശം നിഷേധിച്ചതിൽ നിയമപാലകർക്ക് വലിയ വീഴ്ചയാണ് സംഭവിച്ചത്.സ്വന്തം മകനെ അവസാനമായി ഒരു നോക്കു കാണാനുള്ള അവസരവും ലഭിച്ചില്ല. സ്വർണക്കടത്തു കേസിൽ ആരോപണ വിധേയനായ പിണറായിയുടെ ഭരണത്തിൽ സ്വർണക്കടത്തു സംഘങ്ങൾ നാട്ടിൽ അഴിഞ്ഞാട്ടം നടത്തുകയാണ്. കേസന്വേഷണം അട്ടിമറിക്കാനാണ് പൊലീസിൻ്റെ നീക്കം. സംഭവത്തിലെ ദുരൂഹത നീക്കാനും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സ്വതന്ത്രമായ അന്വേഷണത്തിന് തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.പി. കുഞ്ഞമ്മദ്, നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് ആർ.കെ. മുനീർ, ജനറൽ സെക്രട്ടറി ടി.കെ.എ. ലത്തീഫ് ,വൈസ് പ്രസിഡൻറ് മുനീർ കുളങ്ങര, സെക്രട്ടറി പി.ടി. അഷ്റഫ് എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button