സൗജന്യ പി.എസ്.സി പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി
ഉദ്യോഗാര്‍ത്ഥികളെ മത്സര പരീക്ഷകള്‍ക്ക് തയ്യാറാക്കുന്നതിനായി കോഴിക്കോട് പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ പി.എസ്.സി പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. 30 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. തുടർന്ന് കലക്ടര്‍ ഉദ്യോഗാര്‍ത്ഥികളുമായി സംവദിച്ചു.
എംപ്ലോയ്മെന്റ് ഓഫീസിന്റെ വൊക്കേഷണല്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബിരുദ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 50 പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുക. വിവിധ വിഷയങ്ങളിൽ പ്രാവീണ്യം നേടിയവരുടെ സേവനം പരിശീലന കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. മലബാർ ക്രിസ്ത്യൻ കോളജിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് പരിശീലനം നൽകുന്നത്.
സിവിൽ സ്റ്റേഷനിലെ താലൂക്ക് കോണ്‍ഫറന്‍സ് ഹാളിൽ നടന്ന പരിപാടിയില്‍ റീജ്യണല്‍ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സി. രമ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി. രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി. എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി.പി. വിനോദ് കുമാര്‍, ഇന്‍സ്ട്രക്ടര്‍ രേഖമോള്‍ എന്നിവര്‍ സംസാരിച്ചു. ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍. രവികുമാര്‍ സ്വാഗതവും ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ സി. ദിവ്യ നന്ദിയും പറഞ്ഞു.