സൗജന്യ റേഷന്‍ വിതരണം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സൗജന്യ റേഷന്‍ വിതരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലാ സപ്ലൈ ഓഫീസ്. ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വാതില്‍പ്പടി വിതരണ സമ്പ്രദായമായതിനാല്‍ വിതരണത്തിനുള്ള സാധനങ്ങള്‍ റേഷന്‍ കടകളില്‍ പൊതുവിതരണ വകുപ്പ് തന്നെ നേരിട്ടെത്തിച്ചുകഴിഞ്ഞു. എ.എ.വൈ കാര്‍ഡുടമകള്‍ക്ക് 35 കിലോയും നീല, വെള്ള കാര്‍ഡുടമകള്‍ക്ക് 15 കിലോയും പിങ്ക് കാര്‍ഡുടമകള്‍ക്ക് അവരുടെ കാര്‍ഡില്‍ അനുവദിച്ച അളവും ഭക്ഷ്യധാന്യങ്ങളാണ് സൗജന്യമായി ലഭിക്കുക. ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച നിബന്ധനകള്‍ പാലിച്ചാകും റേഷന്‍ കടകളില്‍ സൗജന്യ വിതരണം നടത്തുകയെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
വിതരണത്തിനായുള്ള അരി, ഗോതമ്പ് എന്നിവ എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്നെടുത്ത് താലൂക്ക് ഗോഡൗണുകളില്‍ എത്തിച്ചു. ഏപ്രിലിലേക്ക് അനുവദിച്ച 919 ടണ്‍ മാര്‍ച്ച് 15ന് ശേഷം തന്നെ ഗോഡൗണുകളിലേക്ക് മാറ്റി തുടങ്ങിയിരുന്നു. കൂടാതെ മെയ് മാസത്തെ വിതരണത്തിനായി ജില്ലയില്‍ അനുവദിച്ച 917 ടണ്‍ ഭക്ഷ്യധാന്യത്തില്‍ 331 ടണ്‍ എഫ്.സി.ഐയില്‍ നിന്ന് താലൂക്ക് ഗോഡൗണുകളിലേക്ക് മാറ്റി. ഏപ്രില്‍ 10നുള്ളില്‍ മെയ് മാസത്തെ ക്വാട്ട പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ മാസത്തെ ക്വാട്ടയില്‍ അനുവദിച്ച ധാന്യങ്ങള്‍ ശേഖരിച്ചു തുടങ്ങും.
ജില്ലയിലെ നാല് താലൂക്കുകളിലെ 12 ഗോഡൗണുകളിലാണ് ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുന്നത്. വടകരയില്‍ ഒരു വലുതും അഞ്ചു ചെറു ഗോഡൗണുകളുമടക്കം ആറും കോഴിക്കോട് നാലും താമരശേരി, കൊയിലാണ്ടി ഒന്നുവീതം ഗോഡൗണുകളാണുള്ളത്. കൂടാതെ പ്രത്യേകസാഹചര്യം പരിഗണിച്ച് ഫറോക്കില്‍ ഒരു ഗോഡൗണും ഏറ്റെടുത്തിട്ടുണ്ട്.
കമ്യൂണിറ്റി കിച്ചന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്ന് ലഭിച്ച 73 അപേക്ഷകളില്‍ റേഷന്‍ പെര്‍മിറ്റ്് അനുവദിച്ചിട്ടുണ്ട്. 10 വാര്‍ഡുകള്‍ അടങ്ങുന്ന ഒരു അപേക്ഷയില്‍ 600 കിലോഗ്രാം ഭക്ഷ്യധാന്യമാണ് അനുവദിക്കുന്നത്.