MAIN HEADLINES
സൗജന്യ സ്‌ട്രോക്ക് ചികിത്സ ഗവ. ബീച്ച് ജനറൽ ആശുപത്രിയിലും
കോഴിക്കോട് : അധികദൂരം യാത്ര ചെയ്യാതെ ജില്ലയിൽ തന്നെ സൗജന്യമായി പക്ഷാഘാത ചികിത്സ ലഭ്യമാകുന്ന സംവിധാനത്തിന് കോഴിക്കോട്ട് തുടക്കം. ആരോഗ്യ വകുപ്പിന് കീഴിൽ പക്ഷാഘാതത്തിനുള്ള ത്രോമ്പോലൈസിസ് ചികിത്സ ആദ്യമായി ഗവ. ബീച്ച് ജനറൽ ആശുപത്രിയിൽ ആരംഭിച്ചു. ആദ്യ ചികിത്സ വിജയകരമായി പൂർത്തിയാക്കി. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴിലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായാണ് സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ചത്.
ആധുനിക സൗകര്യങ്ങളോടുകൂടിയ സ്‌ട്രോക്ക് ഐസിയു, ത്രോമ്പോലൈസിസ് ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ എന്നിവ സജ്ജമാക്കി. ഇതോടെ മെഡിക്കൽ കോളേജുകളിലും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും മാത്രം ലഭ്യമായിരുന്ന ചികിത്സ ജനറൽ ആശുപത്രിയിലും ആരംഭിച്ചു. ഇത് സാധാരണക്കാർക്ക് ഏറ്റവും എളുപ്പത്തിൽ ചികിത്സ ലഭ്യമാക്കാൻ സഹായിക്കും.
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാൽ വിൻഡോ പിരീഡായ നാലര മണിക്കൂറിനുള്ളിൽ ചികിത്സ നൽകിയെങ്കിൽ മാത്രമേ അതിന്റെ പ്രയോജനമുള്ളൂ. എല്ലാ ജില്ലകളിലും സ്‌ട്രോക്ക് യൂണിറ്റുകൾ വരുന്നതോടെ രോഗികൾക്ക് കൃത്യസമയത്തിനുള്ളിൽ മികച്ച ചികിത്സ നൽകാൻ സാധിക്കും.
Comments