സൗദകുറ്റിക്കണ്ടി മികച്ച കർഷക വനിത
അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ ഈ വർഷത്തെ മികച്ച വനിത കർഷകയായി സൗദ കുറ്റിക്കണ്ടിയെ തിരഞ്ഞെടുത്തു. ചിങ്ങം 1 ന് കർഷക ദിനത്തിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ കൃഷിഭവൻ്റെ നേതൃത്വത്തില്‍ ആദരിക്കും .
കാരയാട് ഏക്കാട്ടൂർ കുറ്റിക്കണ്ടി യൂസഫിൻ്റെ ഭാര്യയാണ് കായണ്ണ കവിലിശേരി കർഷക കുടുംബത്തിൽ ജനിച്ച സൗദതെരുവത്ത്. അസൈനാറുടെയും -പാത്തുമ്മയുടെയും മകളാണ്. ചെറുപ്പകാലം തൊട്ടെ കർഷിക വൃത്തി ഇഷ്ടമാണ് സൗദയ്ക്ക്. നാല് പെൺമക്കൾ മാത്രമുള്ള കുടുംബത്തിൽ പിതാവിന് അസുഖം വന്നപ്പോൾ കാർഷിക വൃത്തി സ്വയം ഏറ്റെടുക്കുകയായിരുന്നു.
ഏക്കാട്ടൂരിലെ കുറ്റിക്കണ്ടിയിൽ വിവാഹം കഴിച്ച് വരുന്നത് 1999 തിൽ ആണ്. തറവാട് വീടിന് തൊട്ടടുത്തായി തീർത്തും തരിശായി കിടന്ന ഒന്നേകാൽ ഏക്കർ പറമ്പ് 20 വർഷം കൊണ്ട് തെങ്ങ് കവുങ്ങ് , പ്ലാവ്, മാവ് ,കുരുമുളക് വള്ളി എന്നിവ വെച്ച് പിടിപ്പിച്ച് കൃഷിയോഗ്യമാക്കി. ഇടവിളകൃഷികളായ വാഴ ,ചേന ,മരച്ചീനി ചേമ്പ്, പച്ചക്കറികൾ,മഞ്ഞൾ എന്നിവയും കൃഷി ചെയ്യുന്നു. ഒപ്പം പശു വളർത്തലും. എല്ലാത്തിനും പിന്തുണയുമായി പ്രവാസിയായ ഭർത്താവുമുണ്ട്. ഒഴിവു ദിവസങ്ങളിൽ മക്കളും കൂടെക്കൂടും.പുതുതലമുറയും കാർഷിക മേഖലയിലേക്ക് കടന്ന് വരണം എന്നാണ് സൗദയുടെ ആഗ്രഹം.