SPECIAL
സൗഹൃദത്തിന്റെ സന്ദേശം നൽകുന്ന ബഹ്റൈനിലെ അൽ ഫാത്തിഹ് മസ്ജിദ്
മതവും വിശ്വാസവും ഏതുമാകട്ടെ, എല്ലാ മനുഷ്യർക്ക് മുന്നിലും മലർക്കെ തുറന്നിട്ട വാതിലുകളാണ് ബഹ്റൈനിലെ അൽ ഫാത്തിഹ് മസ്ജിദിലേത്. രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളടക്കം ആയിരങ്ങളാണ് ഓരോ വർഷവും ഈ ആരാധനാലയം സന്ദർശിക്കുന്നത്. വിപുലമായ സമൂഹ നോമ്പുതുറയൊരുക്കിയും സൗഹൃദം പങ്കുവെച്ചും ഇത്തവണയും നോമ്പ് കാലത്ത് സജീവമാണ് ഗ്രാന്റ് മോസ്ക് എന്നറിയപ്പെടുന്ന പള്ളിയും പരിസരവും. ബഹ് റൈനിലെ ജുഫൈറിൽ പ്രധാന പാതക്കരികിൽ തലയുയർത്തി നിൽക്കുന്ന മസ്ജിദിന്റെ പ്രവേശന കവാടത്തിൽ തന്നെ എല്ലാവരെയും സ്വാഗതം ചെയ്യുന്ന അറിയിപ്പ് കാണാം.
ഇവിടെയെത്തുന്ന സന്ദർശകരെ വളണ്ടിയർമാർ സ്നേഹത്തോടെ സ്വീകരിച്ച് പള്ളിയുടെ എല്ലാ ഭാഗത്തെക്കും കൂട്ടിക്കൊണ്ട് പോയി കാഴ്ചകൾ കാണിക്കുന്നു. കൈകളിൽ നിറയെ സമ്മാനങ്ങളും പുസ്തകങ്ങളും സ്വീകരിച്ചാണ് സന്ദർശകരുടെ മടക്കം . പെരുന്നാളിന്റെ അവധി ദിനങ്ങളിൽ ഈദ് ഓപ്പൺ ഹൗസ് എന്ന പേരിൽ പ്രത്യേക പരിപാടികളും ഇവിടെ നടക്കും. ഇങ്ങിനെ വ്യത്യസ്തമായ ആശയങ്ങളുടെ സംവേദനത്തിന്റെയും ബഹുസ്വരതയുടെയും മാത്യകയായി മാറുകയാണ് ഈ ആരാധനാലയം.
Comments