സർക്കാരിന്റെ ‘അതിഥി’ മൊബൈൽ ആപ്പ് ഏപ്രിലിൽ സജ്ജമാകും
സർക്കാരിന്റെ ‘അതിഥി’ മൊബൈൽ ആപ്പ് ഏപ്രിലിൽ സജ്ജമാകും. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളെ ബന്ധിപ്പിക്കുകയും ഓരോരുത്തർക്കും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകുകയും ചെയ്യുന്നതാണ് ഈ മൊബൈൽ ആപ്പ്. കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദ്ദേശിച്ച ആപ്പ് തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള നോഡൽ ഏജൻസിയായ കോംപ്രഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് ഏജൻസി ഓഫ് കേരള (ചിയാക്) ആണ് വികസിപ്പിക്കുന്നത്.
ആപ്പിനായി സർക്കാർ 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 2021-ൽ സംസ്ഥാന ആസൂത്രണ ബോർഡ് നടത്തിയ പഠനത്തിൽ 31 ലക്ഷം കുടിയേറ്റ തൊഴിലാളികൾ കേരളത്തിൽ ഉണ്ടെന്നും ഭൂരിഭാഗം പേരും കെട്ടിടനിർമ്മാണ രംഗത്താണ് ജോലി ചെയ്യുന്നുതെന്നും കണ്ടെത്തിയിരുന്നു. ഇവരെയെല്ലാം ‘അതിഥി’യുടെ കീഴിൽ കൊണ്ടുവരുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
ആപ്പിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് തൊഴിൽ മന്ത്രാലയ അഡീഷണൽ സെക്രട്ടറി സുനിൽ കെ എം പറഞ്ഞു. “അതിഥി പോർട്ടൽ ഇതിനകം നിലവിലുണ്ട്. ഏപ്രിലിൽ ആപ്പ് പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു,” സുനിൽ പറഞ്ഞു. സോഫ്റ്റ്‌വെയന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ചിയാക് ഉദ്യോഗസ്ഥൻ അറിയിച്ചു. ആരോഗ്യം, തൊഴിൽ, പോലീസ് എന്നിവയുൾപ്പെടെ എല്ലാ വകുപ്പുകൾക്കും അനുയോജ്യമായ രീതിയിലാണ് ആപ്ലിക്കേഷൻ തയ്യാറാക്കുക,” ചിയാക് ഉദ്യോഗസ്ഥർ പറഞ്ഞു.