സർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു
സർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. വിസി നിയമനം കൂടുതൽ കുറ്റമറ്റതാക്കാൻ വേണ്ടിയുള്ളതാണ് ബിൽ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയിൽ ശക്തമായി എതിർപ്പ് ഉന്നയിച്ചു. വിസി നിയമനത്തിൽ ഗവർണ്ണർമാർ വഴി ആര്‍എസ്എസ് നോമിനികളെ നിയമിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ ടി ജലീൽ ആരോപിച്ചു.
ഗവർണ്ണർ സർക്കാർ പോര് മുറുകുന്നതിനിടെ ആണ് സർവ്വകാലാശാലകളിൽ ഗവർണ്ണറുടെ അധികാരം കുറക്കുന്ന ബിൽ സഭയിൽ അവതരിപ്പിച്ചത്. ഗവർണ്ണർമാരെ ആര്‍എസ്എസ് ഉപയോഗിക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ച മുസ്ലീം ലീഗ് എങ്കിലും ബില്ലിനെ പിന്തുണക്കണം എന്ന് കെടി ജലീൽ ആവശ്യപ്പെട്ടു. ഭരണഘടന വിരുദ്ധമായ ബിൽ കോടതിയിൽ നിലനിൽക്കില്ലെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ചട്ടപ്രകാരം മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയാണ് വൈസ് ചാൻസലറെ നിയമിക്കേണ്ടത്. നിലവിൽ ഒരു യുജിസി പ്രതിനിധി, ഒരു ഗവര്‍ണറുടെ പ്രതിനിധി, സര്‍ക്കാര്‍ പ്രതിനിധി എന്ന രീതിയിലാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത്. സെര്‍ച്ച് കമ്മിറ്റിയൽ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി. അഞ്ച് അംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനും അതു വഴി സര്‍ക്കാരിനെ താത്പര്യമുള്ളവരെ വൈസ് ചാൻസലര്‍ പദവിയിലേക്ക് കൊണ്ടുവരാനുമാണ് സര്‍ക്കാര്‍ പുതിയ ഭേദഗതി കൊണ്ടു വന്നിരിക്കുന്നത്. കമ്മിറ്റിയിൽ പുതുതായി ചേർക്കുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ആകും ഇനി കൺവീനർ. അതേസമയം നിയമസഭ ബിൽ പാസ്സാക്കിയാലും ബില്ലിൽ ഗവര്‍ണര്‍ ഒപ്പിടാനുള്ള സാധ്യത കുറവാണ്.